റായ്പുർ: ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എത്തുമെന്ന ഊഹാപോഹങ്ങൾക്ക് വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതോടെ അവസാനമായി. കുങ്കുരി മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎയായ യു ഡി മിഞ്ചിനെ 25,541 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് വിഷ്ണു ദേവ് സായ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 87,604 വോട്ടുകളാണ് വിഷ്ണു ദേവ് സായിക്ക് ലഭിച്ചത്.
ഈ തിരഞ്ഞെടുപ്പിൽ ആദിവാസി ഭൂരിപക്ഷ മേഖലകളിൽ ബിജെപി ശക്തമായ മുന്നേറ്റം കാണിച്ച പശ്ചാത്തലത്തിലാണ് വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. പട്ടികവർഗ (എസ്ടി) വിഭാഗങ്ങൾക്കായി സംവരണം ചെയ്ത 29 മണ്ഡലങ്ങളിൽ 17ലും ബിജെപിയാണ് ജയിച്ചത്.
ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ ബാഗിയ ഗ്രാമത്തിൽ 1964 ഫെബ്രുവരി 21 നാണ് വിഷ്ണു ദേവ് സായി ജനിച്ചത്. ഛത്തീസ്ഗഡിലെ കൻവാർ ഗോത്രത്തിൽപെട്ടയാളാണ് വിഷ്ണു ദേവ് സായ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് കർഷകനായിരുന്നു. സ്വന്തം ഗ്രാമമായ ബാഗിയയിൽ സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വിഷ്ണു ദേവ് സായിയുടെ രാഷ്ട്രീയ പ്രവേശനം. തുടർന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 1999, 2004, 2009, 2014 വർഷങ്ങളിൽ റായ്ഗഡ് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ലോക്സഭയിലേക്ക് വിഷ്ണു ദേവ് സായ് തിരഞ്ഞെടുക്കപ്പെട്ടു.
'കോൺഗ്രസിനെ മാത്രം ലക്ഷ്യമിടുന്നു; എന്തുകൊണ്ട് ബിജെപി നേതാക്കളെ റെയ്ഡ് ചെയ്യുന്നില്ല?'; സിദ്ധരാമയ്യ
അവിഭക്ത മധ്യപ്രദേശിലെ തപ്കര മണ്ഡലത്തിൽ നിന്ന് 1990 ലും 1993 ലും തുടർച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സായി വിജയിച്ചിരുന്നു. 2006 മുതൽ 2010 വരെയും പിന്നീട് 2014 ൽ ഇടക്കാലത്തേക്കും ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി. 2020 മുതൽ 2022 വരെയും വിഷ്ണു ദേവ് സായിയായിരുന്നു ബിജെപിയുടെ ഛത്തീസ്ഗഡ് അദ്ധ്യക്ഷൻ.
ഒന്നാം മോദി സർക്കാരിൽ സ്റ്റീൽ, ഖനി, തൊഴിൽ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു വിഷ്ണു ദേവ് സായ്. ഛത്തീസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനാറാം ലോക്സഭയിലെ അംഗവുമായിരുന്നു വിഷ്ണു ദേവ് സായ്.
ആദിവാസി നേതാവിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് ഈ പഴയ കേന്ദ്രമന്ത്രി എത്തുമ്പോൾ അതിനു പിന്നിൽ ഒരു വാഗ്ദാന പാലനത്തിന്റെ കൂടി കഥയുണ്ട്. കുങ്കുരിയിലെ ജനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ വാഗ്ദാനം.'വിഷ്ണു ദേവ് സായിക്ക് വോട്ട് ചെയ്തോളൂ, അധികാരത്തിലെത്തിയാൽ ഞങ്ങൾ അദ്ദേഹത്തെ വലിയൊരു മനുഷ്യനാക്കും.' തിരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ അമിത് ഷാ പറഞ്ഞു. അതുകേട്ട ജനം ആ വാക്ക് വിശ്വസിച്ചു, വിഷ്ണു ദേവിനെ വിജയിപ്പിച്ചു.
'സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചത് ബാധിച്ചു'; രാജസ്ഥാനിലെ പരാജയം അവലോകനം ചെയ്ത് കോണ്ഗ്രസ്
വടക്കൻ ഛത്തീസ്ഗഡിലെ കുങ്കുരിയിൽ നിന്ന് വിഷ്ണുദേവ് സായി മുഖ്യമന്ത്രിയാകുമ്പോൾ രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഒപ്പമുണ്ടാകുക, വിഷ്ണു ശർമ്മയും അരുൺ സാവോയും. സ്പീക്കറായി ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത് 2003 മുതൽ 2018 വരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന രമൺ സിംഗിനെയാണ് എന്ന പ്രത്യേകതയുമുണ്ട്.