പാര്ലമെന്റ് അതിക്രമ കേസ്; ബിജെപി എംപി പ്രതാപ് സിംഹയെ ചോദ്യം ചെയ്യും

ബുധനാഴ്ച ലോക്സഭയില് എത്തിയ രണ്ട് പ്രതികളും സിംഹ ശുപാര്ശ ചെയ്ത സന്ദർശക പാസുകളാണ് ഉപയോഗിച്ചത്

ന്യൂഡല്ഹി: പാര്ലമെന്റ് അതിക്രമ കേസ് പ്രതികള്ക്ക് സന്ദര്ശക പാസ് നല്കിയതില് മൈസൂരു എംപി പ്രതാപ് സിംഹയെ ഡല്ഹി പൊലീസ് തിങ്കളാഴ്ച്ച ചോദ്യം ചെയ്യും. നിലവില് അദ്ദേഹം തലസ്ഥാനത്തില്ല. പ്രതികളായ മനോരജ്ഞന് ഡി, സാഗര് ശര്മ എന്നിവര്ക്ക് സന്ദര്ശക പാസ് നൽകിയത് പ്രതാപ് സിംഹയെന്നാണ് ആരോപണം.

ബുധനാഴ്ച ലോക്സഭയില് എത്തിയ രണ്ട് പ്രതികളും സിംഹ ശുപാര്ശ ചെയ്ത പാസുകളാണ് ഉപയോഗിച്ചത്. പ്രതിയായ മനോരഞ്ജന് സിംഹയുടെ നിയോജക മണ്ഡലമായ മൈസൂരു സ്വദേശിയും അദ്ദേഹത്തിന്റെ ഓഫീസിലെ സ്ഥിരം സന്ദര്ശകനുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പല തവണ മനോരജ്ഞന് സന്ദര്ശ പാസിനായി സിംഹയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

'പാര്ലമെന്റ് അതിക്രമം നിര്ഭാഗ്യകരം'; സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പ്രധാനമന്ത്രി

അതേസമയം സന്ദര്ശക പാസ് അനുവദിച്ചതില് തനിക്ക് ഉത്തരവാദിത്തം ഇല്ലെന്നാണ് സിംഹ പറഞ്ഞത്. എല്ലാ പാര്ലമെന്റ് അംഗങ്ങളും പാസ് അനുവദിക്കുന്നതിന് സമാനമായാണ് താനും പാസ് നല്കിയത്. എല്ലാ സന്ദര്ശകരേയും എംപിമാര് നേരിട്ട് അറിയണമെന്നില്ല. ഒപ്പമുള്ള സ്റ്റാഫ് നല്കുന്ന അപേക്ഷയില് ഒപ്പുവെച്ചുകൊടുക്കുകയാണ് പതിവ് രീതിയെന്നുമാണ് പ്രതാപ് സിംഹ പ്രതികരിച്ചത്.

സിംഹയുടെ രാജി ആവശ്യം പാര്ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ഉയര്ത്തിയിരുന്നു. അതിനിടെ പാര്ലമെന്റ് അതിക്രമം നിര്ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ലോക്സഭാ സ്പീക്കര് അതീവ ഗൗരവത്തോടെ നടപടികള് കൈകൊണ്ടിട്ടുണ്ടെന്നും സംഭവത്തെ ലാഘവത്തോടെ കാണുന്നില്ലെന്നും മോദി പറഞ്ഞു. ദേശീയ മാധ്യത്തോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

To advertise here,contact us