പദ്മശ്രീ തിരിച്ചു നൽകാൻ ബജ്റംഗ് പൂനിയ; പ്രതിഷേധം ശക്തമാക്കി കായിക താരങ്ങൾ

'സർക്കാർ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് ഞങ്ങൾ സമരം നിർത്തിയത്'

ഡൽഹി: ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷൺ പാനലിന്റെ വിജയത്തിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ കായിക താരങ്ങൾ. പദ്മശ്രീ അവാർഡ് തിരിച്ചുനൽകി പ്രതിഷേധം അറിയിക്കാനാണ് ഇപ്പോൾ ബജ്റംഗ് പൂനിയയുടെ തീരുമാനം. ഇക്കാര്യം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയക്കുന്നതായി ബജ്റംഗ് പൂനിയ എക്സിൽ കുറിച്ചു.

'പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കൾക്ക് സുഖമെന്ന് കരുതുന്നു. താങ്കൾ തിരിക്കിലാണെന്ന് അറിയാം. എങ്കിലും രാജ്യത്തെ ഗുസ്തി താരങ്ങൾക്ക് വേണ്ടിയാണ് താൻ ഈ കത്ത് എഴുതുന്നത്. ഈ വർഷം ജനുവരിയിൽ രാജ്യത്തെ വനിതാ ഗുസ്തി താരങ്ങൾ ബ്രിജ്ഭൂഷൺ സിംഗിനെതിരെ നടത്തിയ സമരത്തെ കുറിച്ച് താങ്കൾ അറിയണം. ലൈംഗിക അതിക്രമത്തിനെതിരെയാണ് അവർ സമരം നടത്തിയത്. ഞാനും അവർക്കൊപ്പം സമരം നടത്തി. സർക്കാർ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിന് ശേഷമാണ് ഞങ്ങൾ സമരം നിർത്തിയത്'. ബജ്റംഗ് പൂനിയ കത്തിൽ പറയുന്നു.

'മൂന്ന് മാസം കഴിഞ്ഞിട്ടും ബ്രിജ്ഭൂഷണെതിരെ എഫ്ഐആർ എടുത്തില്ല. ഏപ്രീൽ മാസം ഞങ്ങൾ വീണ്ടും തെരുവിലിറങ്ങി. ജനുവരിയിൽ 12 പരാതികൾ ഉണ്ടായിരുന്നു. ഏപ്രീലിൽ ഇത് ഏഴായി കുറഞ്ഞു. ബ്രിജ്ഭൂഷൺ സിംഗിന്റെ സ്വാധീനം പരാതിയുടെ എണ്ണം കുറച്ചു. ഞങ്ങളുടെ സമരം 40 ദിവസം കടന്നുപോയി. ഞങ്ങൾ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കി പ്രതിഷേധിക്കുവാൻ തീരുമാനിച്ചു. എന്നാൽ കർഷക നേതാക്കളാണ് ഞങ്ങളെ തടഞ്ഞത്. അന്ന് കേന്ദ്ര കായിക മന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു'. ബജ്റംഗ് പൂനിയ വ്യക്തമാക്കി.

താരങ്ങൾ തോൽക്കുമ്പോൾ; സാക്ഷി വിരാമമിട്ടത് ഗുസ്തിയെ അടയാളപ്പെടുത്തിയ കരിയർ

'ഡിസംബർ 21ന് ഫെഡറേഷനിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ബ്രിജ്ഭൂഷന്റെ സഹായികൾ വീണ്ടും തലപ്പത്തെത്തി. ഗുസ്തി ഫെഡറേഷൻ ബ്രിജ്ഭൂഷന്റെ സ്വാധീനത്തിൽ തുടരുമെന്ന് മനസിലാക്കിയ സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചു. ഇന്നലെ രാത്രിയിൽ ഞങ്ങളെല്ലാം കരയുകയായിരുന്നു. ഇനിയെന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല. സർക്കാർ എനിക്ക് ഒരുപാട് അംഗീകാരങ്ങൾ നൽകിയിട്ടുണ്ട്. പദ്മശ്രീയും അർജുന അവാർഡും ഖേൽ രത്നയും എനിക്ക് ലഭിച്ചു. എന്നാൽ ഇപ്പോൾ ഇവയെല്ലാം എനിക്ക് വലിയ ഭാരമായി തോന്നുന്നു.' ബജ്റംഗ് പൂനിയയുടെ കത്തിൽ പറയുന്നു.

मैं अपना पद्मश्री पुरस्कार प्रधानमंत्री जी को वापस लौटा रहा हूँ. कहने के लिए बस मेरा यह पत्र है. यही मेरी स्टेटमेंट है। 🙏🏽 pic.twitter.com/PYfA9KhUg9

ഇന്നലെ ബ്രിജ്ഭൂഷൺ പാനലിലെ സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ വികാരഭരിതമായാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. ബ്രിജ്ഭൂഷണെതിരെ ഹൃദയം കൊണ്ടാണ് പോരാടിയത്. എന്നാൽ അയാളുടെ സഹായി തിരഞ്ഞെടുപ്പിൽ വിജയിച്ചു. താൻ ഗുസ്തിയിൽ സുരക്ഷിതയായി തോന്നുന്നില്ലെന്നും സാക്ഷി മാലിക് പ്രതികരിച്ചിരുന്നു.

To advertise here,contact us