പ്രിയങ്കയെ സ്വതന്ത്രയാക്കി, സച്ചിന് പ്രധാന റോള്; കോണ്ഗ്രസില് പുന:സംഘടന

ഛത്തീസ്ഗഢില് ചരണ് ദാസ് മഹന്ത് പ്രതിപക്ഷ നേതാവാകും.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ ചുമതലകളിൽ പുന:സംഘടനയുമായി കോൺഗ്രസ് ഹൈക്കമാൻഡ്. സച്ചിൻ പൈലറ്റിന് ഛത്തീസ്ഗഡിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചതാണ് ഈ നീക്കങ്ങളിൽ ശ്രദ്ധേയം. രാജസ്ഥാനിൽ അശോക് ഗഹ്ലോട്ട്-സച്ചിൻ പൈലറ്റ് പോര് കോൺഗ്രസിൻ്റെ ഭരണത്തുടർച്ച നഷ്ടപ്പെടുത്തിയെന്ന വിമർശനങ്ങൾക്കിടെയാണ് ഹൈക്കമാൻഡ് സച്ചിന് നിർണ്ണായക ചുമതല നൽകി ദേശീയ നേതൃത്വത്തിൻ്റെ ഭാഗമാക്കിയിരിക്കുന്നത്. കോൺഗ്രസ് ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്ന ഛത്തീസ്ഗഡിൻ്റെ ചുമതലയാണ് സച്ചിന് നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. നേരത്തെ കോൺഗ്രസിൻ്റെ ലോക്സഭ തെരഞ്ഞെടുപ്പ് സഖ്യ നീക്കങ്ങൾക്കായി രൂപീകരിച്ച സമിതിയിൽ അശോക് ഗഹ്ലോട്ടിനെയും ഹൈക്കമാൻഡ് ഉൾപ്പെടുത്തിയിരുന്നു.

നേരത്തെ ഉത്തർപ്രദേശിൻ്റെ ചുമതലയിൽ നിന്ന് പ്രിയങ്ക ഗാന്ധിയെ മാറ്റി അവിനാഷ് പാണ്ഡയെ ചുമതലപ്പെടുത്തി. പ്രിയങ്ക ഗാന്ധി പ്രത്യേക ചുമതലയില്ലാത്ത ജനറൽ സെക്രട്ടറിയായി തുടരും. ബിഹാറിലെ പാർട്ടി ചുമതലക്കാരനായി മോഹൻ പ്രകാശിനെ നിയമിച്ചു. പ്രകാശിന് ലാലു പ്രസാദ് യാദവുമായും നിതീഷ് കുമാറുമായും അടുത്ത ബന്ധമുണ്ട്. കൂടാതെ, മുകുൾ വാസ്നിക്കിന് ഗുജറാത്ത്, ജിതേന്ദ്ര സിംഗ് അസം, മധ്യപ്രദേശ്, രൺദീപ് സുർജേവാല കർണാടക, കുമാരി സെൽജ ഉത്തരാഖണ്ഡ്, ദീപ ദാസ് മുൻഷിക്ക് കേരളം, ലക്ഷദ്വീപ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ അധിക ചുമതലയും നൽകി. മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിന് ശേഷമായിരുന്നു തീരുമാനം. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.

ഹിന്ദു ഹൃദയഭൂമിയിലെ മൂന്ന് സ്ഥാനങ്ങളിലെ മോശം പ്രടനമാണ് ഉണ്ടായതെങ്കിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പിസിസി അധ്യക്ഷന്മാരെ നിലനിർത്തി. മധ്യപ്രദേശിൽ പിസിസി അധ്യക്ഷൻ കമൽനാഥിന് പകരം ഒബിസി നേതാവ് ജിതു പട്വാരിയെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരുന്നു. ഉമംഗ് സിംഗാറിനെ പ്രതിപക്ഷ നേതാവായും ഹേമന്ത് കതാരെയ പ്രതിപക്ഷ ഉപനേതാവായും തിരഞ്ഞെടുത്തു.

ഛത്തീസ്ഗഢില് ചരണ് ദാസ് മഹന്ത് പ്രതിപക്ഷ നേതാവാകും. അതേ സമയം സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷനായി ദീപക് ബൈജ് തുടരും.

To advertise here,contact us