കർത്തവ്യപഥിൽ വർണാഭമായ പരേഡ്: അഭിവാദ്യം ചെയ്ത് രാഷ്ട്രപതി, ചടങ്ങ് ആസ്വദിച്ച് ഫ്രഞ്ച് പ്രസിഡന്റ്

കർത്തവ്യപഥിൽ നടന്ന വർണാഭമായ പരേഡിൽ ഉത്തർപ്രദേശിന്റെ ടാബ്ലോയായി എത്തിയത് അയോധ്യയിലെ രാം ലല്ല

ന്യൂഡല്ഹി: നാരീശക്തി വിളിച്ചോതി 75ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡ്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായെത്തിയ പരേഡിൽ സംസ്ഥാനങ്ങളുടെ ടാബ്ലോകൾ ശ്രദ്ധേയമായി. കർത്തവ്യ പഥിൽ നടന്ന വർണാഭമായ പരേഡിൽ ഉത്തർപ്രദേശിന്റെ ടാബ്ലോയായി എത്തിയത് അയോധ്യയിലെ രാം ലല്ലയാണെന്നതും ശ്രദ്ധേയമായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സ്വീകരിച്ചു. ദേശിയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തിയതോടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. ബ്രിട്ടീഷ് വൈസ്രോയിമാർ ഉപയോഗിച്ചിരുന്ന കുതിരവണ്ടിയിലാണ് രാഷ്ട്രപതി ദ്രൗപതി മുർമു, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർ കർത്തവ്യപഥിൽ എത്തിയത്. രാഷ്ട്രപതി, ഫ്രഞ്ച് പ്രസിഡന്റ് എന്നിവരെ പ്രധാനമന്ത്രി സ്വീകരിച്ചു. പിന്നാലെ രാഷ്ട്രപതി ദേശീയ പതാക ഉയർത്തി. സൈനിക അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. വാദ്യോപകരണങ്ങൾ മുഴക്കി ആരംഭിച്ച ചടങ്ങിൽ വനിതാ സേനകളുടെ പരേഡായ 'ആവാഹൻ' ശ്രദ്ധേയമായി.

വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. പരേഡിൽ ഫ്രഞ്ച് സേനയും അണിനിരന്നു. ഓരോ സേനയിൽ നിന്നും രാഷ്ട്രപതി ദ്രൗപദി മുർമു അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്നതായി പരേഡ്. ടി - 90 ഭീഷ്മ യുദ്ധ ടാങ്കുൾപ്പെടെ പരേഡിൽ പ്രദർശിപ്പിച്ചു. നാഗ് മിസൈൽ, തദ്ദേശീയമായി നിർമിച്ച 'ശരത്' കവചിത വാഹനം, ക്യു ആർ എഫ് വാഹനങ്ങൾ എന്നിവയും പരേഡിന്റെ ഭാഗമായി.

പരേഡിന് പിന്നാലെ കർത്തവ്യപഥിൽ രാജ്യത്തിന്റെ എല്ലാ കലകളും സമന്വയിക്കുന്ന നൃത്താവിഷ്കാരം നടന്നു. 1500 സ്ത്രീകളാണ് 34 കലാരൂപങ്ങളടങ്ങിയ നൃത്താവിഷ്കാരം അവതരിപ്പിച്ചത്.

To advertise here,contact us