ബിജെപി തന്ത്രങ്ങൾ ഫലം കണ്ടില്ല; ജാർഖണ്ഡിൽ വിശ്വാസം തെളിയിച്ച് ചംബൈ സോറൻ സർക്കാർ

മുഖ്യമന്ത്രി ചംബൈ സോറൻ അവതരിപ്പിച്ച വിശ്വാസ പ്രമേയത്തെ 47എംഎൽഎമാർ പിന്തുണച്ചു. ബിജെപി നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന് 29 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് നേടാൻ കഴിഞ്ഞത്.

റാഞ്ചി: ജാര്ഖണ്ഡ് വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ചംബൈ സോറൻ. 81 അംഗ നിയമസഭയിൽ 47 എംഎൽഎമാർ മഹാസഖ്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. തന്നെ ജയിലിൽ അടച്ച് വിജയിക്കാമെന്ന് ബിജെപി കരുതിയെങ്കിൽ തെറ്റി എന്ന് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യക്തമാക്കി.

ജാർഖണ്ഡിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് ഇതോടെ തിരശീല വീണത്. മുഖ്യമന്ത്രി ചംബൈ സോറൻ അവതരിപ്പിച്ച വിശ്വാസ പ്രമേയത്തെ 47എംഎൽഎമാർ പിന്തുണച്ചു. ബിജെപി നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന് 29 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് നേടാൻ കഴിഞ്ഞത്. നാല് ഭരണപക്ഷ എംഎൽഎമാർ ബിജെപിയോട് അടുത്തിരുന്നു. എന്നാൽ അവരെ സ്വന്തം പാളയത്തിൽ മടക്കി എത്തിക്കാൻ ചംബൈ സോറന് കഴിഞ്ഞു. വിശ്വാസ പ്രമേയ പ്രസംഗത്തിൽ മുഖ്യമന്ത്രി ചംബൈ സൊറൻ ബിജെപിക്ക് എതിരെ ഉയർത്തിയത് രൂക്ഷ വിമർശനമാണ്.

വിശ്വാസ വോട്ടെടുപ്പിൽ കോടതി അനുമതിയോടെയാണ് ഹേമന്ത് സോറൻ പങ്കെടുത്തത്. തനിക്കെതിരെയുള്ള ഇഡി നടപടി കേന്ദ്ര സർക്കാർ ഗൂഢാലോചനയുടെ ഭാഗമെന്ന് ഹേമന്ത് സോറൻ ആരോപിച്ചു. അറസ്റ്റിനെതിരെ ഹേമന്ത് സോറൻ നൽകിയ ഹർജിയിൽ ജാർഖണ്ഡ് ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഈ മാസം 12 ന് വീണ്ടും പരിഗണിക്കും. ഹേമന്ത് സോറൻ നൽകിയ പരാതിക്കെതിരെ ഇഡിയും ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

To advertise here,contact us