പൗരത്വ ഭേദഗതി നിയമം; ചട്ടങ്ങള് ഇന്ന് രാത്രിയോടെ കേന്ദ്ര സര്ക്കാര് വിജ്ഞാപനം ചെയ്തേക്കും

അല്പ സമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള് ഇന്ന് രാത്രിയോടെ കേന്ദ്ര സര്ക്കാര് വിജ്ഞാപനം ചെയ്തേക്കും. അല്പ സമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പാകിസ്താൻ , ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ 6 ന്യൂന പക്ഷ വിഭാഗങ്ങൾക്ക് പൗരത്വം. പൗരത്വം അപേക്ഷിക്കാൻ ഓൺലൈൻ പോർട്ടലും സജ്ജമാക്കും. രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനങ്ങള് നടത്തിയേക്കുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. 2019ലാണ് പൗരത്വഭേദഗതി നിയമം പാര്ലമെന്റ് പാസാക്കിയത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്ന്നിരുന്നു.

അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളില് മതപരമായ അടിച്ചമര്ത്തല് നേരിട്ടതിനെ തുടര്ന്ന് 2014 ഡിസംബർ 31ന് മുമ്പായി ഇന്ത്യയിലേയ്ക്ക് വന്ന ഹിന്ദു, സിഖ്, ജെയിന്, പാര്സി, ബുദ്ധ, ക്രിസ്ത്യന് വിഭാഗങ്ങള്ക്ക് പൗരത്വം അനുവദിക്കുന്നതിനായിരുന്നു പൗരത്വ ഭേദഗതി ബില് ശുപാര്ശ ചെയ്തിരുന്നത്. ഇതില് മുസ്ലിം വിഭാഗങ്ങള് ഉള്പ്പെട്ടിരുന്നില്ല. പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള് മുസ്ലിം വിഭാഗങ്ങള്ക്ക് വിവേചനപരമായി മാറിയേക്കാം എന്ന ആശങ്ക ചൂണ്ടിക്കാണിച്ചായിരുന്നു പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്ന്നത്.

പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ഡല്ഹിലെ ഷഹീന്ബാദിലും അസമിലെ ഗുവഹാത്തിയിലും വലിയ സമരങ്ങള് നടന്നിരുന്നു. പൗരത്വനിയമം പാസാക്കി നാല് വര്ഷത്തിലേറെയായെങ്കിലും ചട്ടങ്ങള് തയ്യാറാക്കാതിരുന്നതിനാല് നിയമം നടപ്പിലാക്കുന്നത് വൈകുകയായിരുന്നു.

To advertise here,contact us