'ചോദ്യത്തിനു കോഴ' ആരോപണം; തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വസതിയിൽ സിബിഐ റെയ്ഡ്

ചോദ്യത്തിനു കോഴ ആരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ കൊൽക്കത്തയിലെ വസതിയിൽ സിബിഐ റെയ്ഡ് നടത്തി. ചോദ്യത്തിനു കോഴ ആരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ മൊയ്ത്രയ്ക്കെതിരായ ആരോപണങ്ങൾ അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോക്പാൽ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൻ്റെ പുരോഗതി സംബന്ധിച്ചുളള തല്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ടായിരുന്നു.

'അധാർമ്മിക പെരുമാറ്റം' ആരോപിച്ച് കഴിഞ്ഞ വർഷം ഡിസംബറിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. വിവാദങ്ങൾക്കിടയിലും, പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ ലോക്സഭാ സീറ്റിൽ നിന്ന് ടിഎംസിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയാണ് മഹുവ മൊയ്ത്ര.

വ്യവസായിയായ ഗൗതം അദാനിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ലോക്സഭയിൽ മഹുവ മൊയ്ത്ര ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ദുബായിലെ വ്യവസായി ദർശൻ ഹിരാനന്ദാനിയ്ക്ക് വേണ്ടി ചെയ്തതാണെന്ന് ആരോപണം ഉയര്ന്നിരുന്നു. ഇങ്ങനെ ചോദ്യം ചോദിക്കാന് മഹുവ ദർശൻ ഹിരാനന്ദാനിയില് നിന്ന് പണം വാങ്ങിയെന്നും ആരോപണങ്ങളുണ്ടായി. പക്ഷേ ഈ ആരോപണങ്ങളെയൊക്കെ മഹുവ ശക്തമായി നിഷേധിക്കുകയായിരുന്നു.

To advertise here,contact us