ആദായനികുതി വകുപ്പ് നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

പ്രതിഷേധം കേന്ദ്രത്തിൻ്റ നികുതി ഭീകര ജനാധിപത്യം അട്ടിമറിക്കാൻ വേണ്ടിയെന്ന് കോൺഗ്രസ്

ഡൽഹി: ആദായനികുതി വകുപ്പ് നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ഇന്നും നാളെയും സംസ്ഥാന തലസ്ഥാനങ്ങൾ, ജില്ലാ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധം കേന്ദ്രത്തിൻ്റ നികുതി ഭീകര ജനാധിപത്യം അട്ടിമറിക്കാൻ വേണ്ടിയെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

കേന്ദ്ര ഏജൻസിയുടെ നടപടി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ താളം തെറ്റിച്ചതോടെ നിയമ പോരാട്ടത്തിനൊപ്പം രാഷ്ട്രീയ പ്രതിരോധവും ശക്തമാക്കുകയാണ് കോൺഗ്രസ്. പ്രധാന പ്രതിപക്ഷ പാർട്ടിയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് അട്ടിമറിയുടെ തന്നെ ഭാഗം എന്നാണ് കോൺഗ്രസിന്റെ വിമർശനം.

സംസ്ഥാന തലസ്ഥാനങ്ങൾ ജില്ലാ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. ലോക്സഭ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണം. എന്നാൽ കോൺഗ്രസിനെതിരെ ആദായനികുതി വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നിട്ടും പുതിയ നടപടിയിൽ മറ്റ് പ്രധാന പ്രതിപക്ഷ പാർട്ടികൾ കാര്യമായ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

എട്ട് സാമ്പത്തിക വർഷങ്ങളിലെ ആദായ നികുതി പുനർനിർണയത്തിന്റെ ഭാഗമായി കോൺഗ്രസിൽ നിന്ന് 2343 കോടി രൂപ ഈടാക്കാനാണ് ആദായനികുതി വകുപ്പ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിന് ഇഡി നോട്ടീസ് അയച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനായി മുഖ്യമന്ത്രി ഇറങ്ങും, ആദ്യ പര്യടനം തിരുവനന്തപുരത്ത്

To advertise here,contact us