ലൈംഗികാതിക്രമ പരാതി പ്രതികാര നടപടി; തൃണമൂൽ കോൺഗ്രസിൻ്റെ വോട്ട് നേടൽ തന്ത്രം: സി വി ആനന്ദബോസ്

ഗുണ്ടാരാജ് തടഞ്ഞതിലെ പ്രതികാരം മൂലമാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സി വി ആനന്ദബോസ് പ്രതികരിച്ചു

കൊൽക്കത്ത: രാജ്ഭവനിലെ കരാർ ജീവനക്കാരി തനിക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതി പ്രതികാര നടപടിയെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ഇത് തൃണമൂൽ കോൺഗ്രസിൻ്റെ വോട്ട് നേടൽ തന്ത്രമാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. ഗുണ്ടാരാജ് തടഞ്ഞതിലെ പ്രതികാരം മൂലമാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സി വി ആനന്ദബോസ് പ്രതികരിച്ചു. ഇതിന് യാതൊരു വിലയും കൊടുക്കുന്നില്ല. താൻ ബംഗാളിലേക്ക് പോയത് പൂമെത്തയിൽ കിടക്കാനല്ല. ആരെയും ഭയപ്പെടാതെ പോരാടും. വിരട്ടൽ തന്ത്രമൊന്നും വിജയിക്കാൻ പോകുന്നില്ല. ആരുടെയും തൃപ്തിയോ അതൃപ്തിയോ നോക്കാതെ കർമത്തിന്റെ പാതയിൽ നീങ്ങുമെന്നും സി വി ആനന്ദബോസ് പറഞ്ഞു.

അതേസമയം, സി വി ആനന്ദ ബോസിനെതിരായ പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയിൽ ഇര വ്യക്തമാക്കുന്നത്.

To advertise here,contact us