നായിഡു പണി തുടങ്ങിയോ?; ജഗന്റെ ചാനലിന്റെ സംപ്രേഷണം തടഞ്ഞു; പിന്നിൽ ആരുടെ സമ്മർദ്ദം?

ജഗൻ മോഹൻ റെഡ്ഢിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സാക്ഷി ടിവി

ഹൈദരാബാദ്: ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഢിയുടേതടക്കമുള്ള നാല് ടി വി ചാനലുകളുടെ സംപ്രേഷണം നിർത്തിവെച്ചു. ടിവി9, സാക്ഷി ടിവി, എൻടിവി, 10ടിവി എന്നീ ചാനലുകളാണ് പൊടുന്നനെ ചില കേബിൾ നെറ്റ്വർക്കുകളിൽ നിന്ന് പിൻവലിക്കപ്പെട്ടത്.

ഇവയിൽ ജഗൻ മോഹൻ റെഡ്ഢിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സാക്ഷി ടിവി. ചില കേബിൾ ടിവി ഓപ്പറേറ്റർമാർ മാത്രം ചാനൽ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാകുമെന്നാണ് സൂചന. ചന്ദ്രബാബു നായിഡു അധികാരത്തിലേറിയ ശേഷം ഇത് രണ്ടാം തവണയാണ് ചാനലിന്റെ സംപ്രേഷണം നിർത്തിവെക്കപ്പെട്ടത്. കേന്ദ്രസർക്കാരിനെതിരായ ഉള്ളടക്കം സംപ്രേഷണം ചെയ്തുവെന്നതായിരുന്നു ആദ്യത്തെ തവണ നിർത്തിവെക്കാനുള്ള കാരണം.

കഴിഞ്ഞദിവസം വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണത്തിലിരുന്ന ഒരു കെട്ടിടം പൊളിച്ചത്തിലും ടിഡിപി സർക്കാർ ആരോപണം നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ചാനൽ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള നടപടിയിലും ആരോപണം നേരിടുന്നത്. എന്നാൽ ചാനലുകൾ പിൻവലിക്കാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്ന നിലപാടാണ് ആന്ധ്രാ സർക്കാരിന്റേത്. സംഭവവുമായി ബന്ധപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് നേതാവ് എസ്.നിരഞ്ജൻ റെഡ്ഡി ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്.

To advertise here,contact us