'സൽമാൻ ഖാനെ കൊല്ലുകയെന്ന ഒറ്റ ലക്ഷ്യം,25 ലക്ഷത്തിന്റെ കോൺട്രാക്ട്;ഓർഡർ ചെയ്തത് അത്യാധുനിക ആയുധങ്ങൾ'

കൂടുതൽ ഗുരുതരമായ വിവരങ്ങളാണ് പുതിയ കുറ്റപത്രത്തിൽ അടങ്ങിയിരിക്കുന്നത്

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടെന്ന കേസിൽ അഞ്ച് പേർക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് നവി മുംബൈ പൊലീസ്. കൂടുതൽ ഗുരുതരമായ വിവരങ്ങളാണ് പുതിയ കുറ്റപത്രത്തിൽ അടങ്ങിയിരിക്കുന്നത്.

ഏപ്രിൽ 14ന് സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പിൽ നിന്നായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം മുന്നോട്ടുപോകവെ ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘമാണ് വെടിവെപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായവർ 25 ലക്ഷം രൂപയ്ക്കാണ് താരത്തെ വധിക്കാൻ പദ്ധതിയിട്ടതെന്നും ഇതിനായി അത്യാധുനിക ആയുധങ്ങൾ അടക്കം വാങ്ങാൻ പദ്ധതിയിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിനായി തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആയുധ ഡീലർമാർ അടക്കമുള്ളവരുമായി പ്രതികൾ ബന്ധപ്പെട്ടു.

താരത്തെ വധിക്കാൻ പദ്ധതിയിട്ടതിന് നിലവിൽ 17 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയും ഉൾപ്പെടും. നിലവിൽ അഹമ്മദാബാദിലെ സബർമതി ജയിലിൽ തടവിലാണ് ലോറൻസ് ബിഷ്ണോയി. എന്നാൽ ഇവിടെനിന്നും ലോറൻസ് തന്റെ സംഘത്തിന് സജീവമായി നിർദേശങ്ങൾ നൽകാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സൽമാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ നടൻ കൃഷ്ണമൃഗത്തെ വേട്ടയാടിയതിലുള്ള അമർഷമാണ് ആക്രമണത്തിനും വധഭീഷണിക്കും കാരണമെന്ന് മെയ് 14ന് പങ്കുവെച്ച വീഡിയോയിൽ ബിഷ്ണോയുടെ സഹോദരൻ അറിയിച്ചിരുന്നു. 1998 ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാൻ വ്യക്തിപരമായി മാപ്പ് പറഞ്ഞാൽ അദ്ദേഹത്തോട് ക്ഷമിക്കുന്നത് പരിഗണിക്കാമെന്ന് ഓൾ ഇന്ത്യ ബിഷ്ണോയ് സൊസൈറ്റി പ്രസിഡൻ്റ് ദേവേന്ദ്ര ബുദിയ പറഞ്ഞിരുന്നു.

1998 ൽ 'ഹം സാത്ത് സാത്ത് ഹേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിന് സൽമാൻ, അഭിനേതാക്കളായ തബു, നീലം തുടങ്ങിയവർക്കെതിരെ കേസെടുത്തിരുന്നു. 2018-ൽ അഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും സൽമാൻ ഖാൻ ജാമ്യത്തിലാണ്.

To advertise here,contact us