ഹേമന്ത് സോറൻ്റെ ജാമ്യം; 'ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധം'; സുപ്രീം കോടതിയെ സമീപിച്ച് ഇഡി

ഹേമന്ത് സോറനെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് ഹൈക്കോടതി പറഞ്ഞതിൽ തെറ്റ് പറ്റിയെന്ന് ഇഡി ഹർജിയിൽ പറഞ്ഞു

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യം ചോദ്യം ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. സോറന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഇഡി പറയുന്നത്. ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറനെതിരെ പ്രഥമദൃഷ്ട്യാ കേസൊന്നുമില്ലെന്ന് ഹൈക്കോടതി പറഞ്ഞതിൽ തെറ്റ് പറ്റിയെന്നും ഇഡി ഹർജിയിൽ പറയുന്നു.

ഭൂമി അഴിമതി കേസിൽ ജനുവരി 31 ന് രാത്രിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിലായിരുന്നു ഇഡി അറസ്റ്റ്. ഇഡി കസ്റ്റഡിയിലായതിനു പിന്നാലെ സോറൻ രാജി സമർപ്പിക്കുകയായിരുന്നു. പിന്നാലെ 2024 ഫെബ്രുവരി രണ്ടിന് ചംപായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

അഞ്ച് മാസത്തിന് ശേഷം ജൂണ് 28-ന് ഹേമന്ത് സോറന് ഭൂമി കുംഭകോണക്കേസില് ജാമ്യത്തിലിറങ്ങി. കേസില് ജാര്ഖണ്ഡ് ഹൈക്കോടതിയായിരുന്നു ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. തുടര്ന്ന് ജാർഖണ്ഡിൻ്റെ 13-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. 

To advertise here,contact us