ഹരിയാന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും; പ്രഖ്യാപനവുമായി ആപ്പ്

90 അംഗ നിയമസഭയിലേക്ക് ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, എഎപി എംപിമാരായ സഞ്ജയ് സിംഗ്, ഡോ. സന്ദീപ് പതക് എന്നിവര്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. 90 അംഗ നിയമസഭയിലേക്ക് ഒക്ടോബറിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

'മുഴുവന്‍ കരുത്തോടെ ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ നശിപ്പിച്ചു. അവര്‍ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും നേരെ ലാത്തി പ്രയോഗിച്ചു', പ്രഖ്യാപനത്തിന് പിന്നാലെ സഞ്ജയ് സിംഗ് പറഞ്ഞു.

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഒറ്റക്ക് മത്സരിക്കാനാണ് ആപ്പ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് മത്സരിച്ചെങ്കിലും ബിജെപി തൂത്തുവാരുകയായിരുന്നു. പിന്നാലെയാണ് ഒറ്റക്ക് മത്സരിക്കുമെന്ന് ആപ്പ് പ്രഖ്യാപിച്ചത്. അതേസമയം ഹരിയാനയില്‍ അഞ്ച് സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും ഫലം ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.

To advertise here,contact us