'അസം 2041 ഓടെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറും'; ആവര്‍ത്തിച്ച് ഹിമന്ത ബിശ്വ ശര്‍മ

എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും മുസ്ലിം ജനസംഖ്യയില്‍ 30 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാവുമെന്നും ഹിമന്ത ബിശ്വശര്‍മ്മ അവകാശപ്പെട്ടു

ഗുവാഹത്തി: അസം 2041 ഓടെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അവകാശവാദം. എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും മുസ്ലിം ജനസംഖ്യയില്‍ 30 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാവുമെന്നും ഹിമന്ത ബിശ്വശര്‍മ്മ അവകാശപ്പെട്ടു. നിലവില്‍ അസം ജനസംഖ്യയുടെ 40 ശതമാനമാണ് മുസ്ലിം വിഭാഗമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അസമില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്നാണ് കണക്ക്. ഹിന്ദു വിഭാഗത്തേക്കാള്‍ കുടുതലാണ് മുസ്ലിം ജനസംഖ്യാ വളര്‍ച്ച. 2041 ഓടെ അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകും', മുഖ്യമന്ത്രി പറഞ്ഞു. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ഹിന്ദു വിഭാഗത്തിന്റെ ജനസംഖ്യയിലെ വളര്‍ച്ച 16 ശതമാനം ആണെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തില്‍ മാറ്റമുണ്ടാകുന്നത് ഗുരുതരമായ വിഷയമാണെന്ന് ശര്‍മ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ജനസംഖ്യാനുപാതത്തിലെ മാറ്റം തനിക്ക് വലിയ പ്രശ്‌നമാണ്. അസമിലെ മുസ്ലിം ജനസംഖ്യ ഇന്ന് 40 ശതമാനത്തിലെത്തി. 1951ല്‍ ഇത് 12 ശതമാനമായിരുന്നു. പല ജില്ലകളും നഷ്ടമായി, ഇത് തനിക്ക് രാഷ്ട്രീയ പ്രശ്‌നം അല്ല, മറിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നം ആണെന്നുമായിരുന്നു ബിശ്വ ശര്‍മ്മ പറഞ്ഞത്.

To advertise here,contact us