നദിയിൽ ഇറങ്ങുന്നത് വെല്ലുവിളിയായിരുന്നു, അടിയിൽ മരത്തടികളും കേബിളുകളും: ഈശ്വർ മാൽപെ

നാളെ ഈ കേബിളുകൾ വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുമെന്ന് ഈശ്വർ മാൽപെ

അങ്കോല: അ‍ർജുനുവേണ്ടി ​ഗം​ഗാവലി പുഴയിൽ ഇന്ന് നടത്തിയ തിരച്ചിൽ ദുഷ്കരമായിരുന്നുവെന്ന് പ്രദേശിക മുങ്ങൽ വി​ദ​ഗ്ധൻ ഈശ്വ‍ർ മാൽപെ. നദിയിൽ ഇറങ്ങുന്നത് വെല്ലുവിളിയായിരുന്നു. നദിയിൽ മരത്തടികൾ കണ്ടെത്തി. മരത്തടികൾ പരിശോധനയ്ക്ക് ദുഷ്കരമായിരുന്നു. കേബിളുകളും കണ്ടെത്തിയിട്ടുണ്ട്. നാളെ ഈ കേബിളുകൾ വലിച്ച് പുറത്തെത്തിക്കാൻ ശ്രമിക്കുമെന്നും മാൽപെ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

മാൽപെ ബീച്ച് സ്വദേശിയായ ഈശ്വ‍ർ മാൽപെ അടങ്ങുന്ന എട്ടം​ഗ സംഘമാണ് ഇന്ന് നേവിക്കൊപ്പം അ‍ർജുനായി നദിയിൽ തിരച്ചിൽ നടത്തിയത്. ഒമ്പത് തവണയാണ് മാൽപെ നദിയിൽ ഡൈവ് ചെയ്തത്. ഇതിൽ ആദ്യ രണ്ട് തവണ ഒന്നും കണ്ടെത്താനായില്ല. മൂന്നാം തവണ ഈശ്വർ മാൽപെയുമായി ബന്ധിപ്പിച്ച വടം പൊട്ടി, അദ്ദേഹം ഒഴുകിപ്പോയി. എന്നാൽ ഉടൻ തന്നെ നേവി മാൽപെയെ രക്ഷപ്പെടുത്തി ബോട്ടിലേക്ക് കയറ്റി. അപകടം മുന്നിൽ കണ്ടിട്ടും പിന്മാറാതെ പിന്നെയും ആറ് തവണ അദ്ദേഹം ഡൈവ് ചെയ്തു.

ഏഴ് മണിയോടെ രക്ഷാപ്രവ‍ർത്തനം അവസാനിപ്പിക്കുമ്പോഴും ട്രക്ക് ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെത്താൻ മാൽപെയ്ക്കായില്ല. ട്രക്കിനടുത്തെത്തി അതിനുള്ളിൽ അർജുനുണ്ടോ എന്ന് പരിശോധിക്കാനാണ് ശ്രമിച്ചതെങ്കിലും സാധിച്ചില്ല. നദിയിലെ സീറോ വിസിബിലിറ്റിയാണ് പ്രധാന വെല്ലുവിളിയായത്.

മാത്രമല്ല, ശക്തമായ അടിയൊഴുക്കുള്ള നദിയിൽ പാറക്കല്ലുകളും ചെളിയും അടിഞ്ഞതും മാൽപെയുടെ രക്ഷാപ്രവ‍ർത്തനം ദുഷ്കരമാക്കി. നദിയിൽ ചെളി മാത്രമാണ് മാൽപെയ്ക്ക് കണ്ടെത്താനായതെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ നാളെയും തുടരുമെന്നും ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ച ശേഷം എംഎൽഎ വ്യക്തമാക്കി.

ഇന്നലെ നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകൾ കണ്ടെത്തിയിരുന്നുവെങ്കിലും നാലാം പോയിന്റിലാണ് ഇന്ന് പരിശോധന നടത്തിയത്. അവിടെ വച്ചും ട്രക്ക് കണ്ടെത്താനായിട്ടില്ല. നാലാം പോയിന്റിൽ പലതവണ മാൽപെ പരിശോധിച്ചതായാണ് കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചത്.

To advertise here,contact us