പേന മോഷ്ടിച്ചെന്ന് ആരോപണം; മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം

കളിക്കുന്നതിനിടയിൽ പേന മോഷ്ടിച്ചെന്ന് ആരോപിച്ച് സഹപാഠികളാണ് ആശ്രമം അധികൃതരെ വിവരം അറിയിച്ചത്.

ബെംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ക്രൂര മർദനം. കർണാടകയിലെ റായ്ച്ചൂരിലാണ് സംഭവം. വിദ്യാർത്ഥിയെ വിറക് ഉപയോഗിച്ച് മർദിച്ചെന്നും മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നും കുടുംബം ആരോപിച്ചു. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിൽ താമസിച്ചിരുന്ന തരുൺ കുമാറിന് നേരെയാണ് അതിക്രമമുണ്ടായത്. ആശ്രമത്തിന്റെ ചുമതലക്കാരനായ വേണുഗോപാലിനും സഹായികൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രതികൾ വിറക് കൊണ്ടും ബാറ്റ് കൊണ്ടും അടിച്ചതായും ശരീരത്തിൽ മുറിവുണ്ടാക്കിയതായും വിദ്യാർത്ഥി പറഞ്ഞു. യഗ്ദീറിലെ റെയിൽവെ സ്റ്റേഷനിൽ ഭിക്ഷ യാചിക്കാൻ കൊണ്ടു പോയതായും കുട്ടി ആരോപിച്ചു. വിദ്യാർത്ഥി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് കുട്ടിയെ ആശ്രമത്തിൽ താമസിപ്പിച്ചതെന്നാണ് വീട്ടുകാരുടെ വാദം. കളിക്കുന്നതിനിടയിൽ പേന മോഷ്ടിച്ചെന്ന് സഹപാഠികളാണ് ആശ്രമം അധികൃതരോട് പരാതിപ്പെട്ടത്.

കേരളത്തിനും ബംഗാളിനും ധനസഹായം നൽകണം; നിർമ്മല സീതാരാമന് കത്തയച്ച് ടിഎംസി എംപി

തരുണിന്റെ മൂത്ത സഹോദരൻ അരുൺ കുമാറും ഇതേ ആശ്രമത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇരുവരെയും കാണുന്നതിനായി അമ്മ രാമകൃഷ്ണാശ്രമം സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിഷയം വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലെ സർക്കാർ അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ബാലാവകാശ പ്രവർത്തകനായ സുദർശൻ പറഞ്ഞു. പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

To advertise here,contact us