മണിപ്പൂരിൽ മുൻ എംഎൽഎയുടെ വീടിന് നേരെ ബോംബേറ്; ഭാര്യ കൊല്ലപ്പെട്ടു

മണിപ്പൂരിലെ കാങ്പോപി ജില്ലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ കാങ്പോപി ജില്ലയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു. സൈകുൽ മുൻ എംഎൽഎ യാംതോങ് ഹാക്കിപ്പിൻ്റെ വീടിന് നേരെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റ ഹാക്കിപ്പിൻ്റെ ഭാര്യ സപം ചാരുബാലയെ സൈകുലിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സ്ഫോടനം നടക്കുമ്പോൾ ഹാക്കിപ്പ് വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.

64 കാരനായ യാംതോംഗ് ഹാക്കിപ് സൈകുലിൽ നിന്ന് രണ്ട് തവണ എംഎൽഎയായി വിജയിച്ചിട്ടുണ്ട്. 2012ലും 2017ലും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു മത്സരിച്ച അദ്ദേഹം 2022ലെ നിയമസഭാ തിര ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് ചേക്കേറി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടുത്തിടെ സ്വത്ത് വിഹിതവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

To advertise here,contact us