സവാരി നടത്തിയത് മദ്യലഹരിയില്; ഒട്ടകത്തിന്റെ ചവിട്ടും കടിയുമേറ്റ് പരിപാലകന് മരിച്ചു

മദ്യലഹരിയില് ഒട്ടകത്തിന്റെ മുകളില് കയറി രമേഷ് സവാരി ചെയ്യുകയായിരുന്നു

ചെന്നൈ: പുതുച്ചേരിയില് ഒട്ടകത്തിന്റെ ചവിട്ടും കടിയുമേറ്റ് പരിപാലകന് മരിച്ചു. മധ്യപ്രദേശിലെ ബഡ്വാനി സ്വദേശി രമേഷ് കുല്മി (67) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന രമേഷ് ഒട്ടകപ്പുറത്ത് നിന്ന് വീണതിനു പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്. ഓഗസ്റ്റ് 15നായിരുന്നു സംഭവം.

സമീപവാസിയുടെ ഉടമസ്ഥലയിലുള്ള രണ്ട് ഒട്ടകങ്ങളെ രമേഷ് കുല്മിയും 19 കാരനായ അജിത്തും ചേര്ന്നാണ് പരിപാലിക്കുന്നത്. പുതുക്കുപ്പ് ബീച്ചിനു സമീപത്തെ റിസോര്ട്ടിന്റെ പാര്ക്കിങ് സ്ഥലത്താണ് ഒട്ടകത്തിനൊപ്പം ഇവര് താമസിക്കുന്നത്. ബീച്ചിലെത്തുന്നവര്ക്കായി ഇവര് ഒട്ടകസവാരി നടത്താറുണ്ട്. സംഭവം നടന്ന ദിവസം രമേഷ് കുല്മി അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടര്ന്ന് അജിത്ത് ഒരു ഒട്ടകത്തിനേയും കൊണ്ട് ബീച്ചിലേക്ക് പോയി. രാവിലെ 11 മണിയോടെ രമേഷ് പരിക്കേറ്റ നിലയില് അബോധാവസ്ഥയില് കിടക്കുന്നു എന്ന് പറഞ്ഞ് റിസോര്ട്ടിലെ വാച്ച്മാന് അജിത്തിനെ വിളിച്ചു. സ്ഥലത്തെത്തിയ അജിത് ഇയാളെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പൊലീസ് അന്വേഷണത്തില് ഒട്ടകത്തിന്റെ ചവിട്ടേറ്റാണ് രമേഷ് മരിച്ചത് എന്നാണ് വ്യക്തമായത്. മദ്യലഹരിയില് ഒട്ടകത്തിന്റെ മുകളില് കയറി രമേഷ് സവാരി ചെയ്യുകയായിരുന്നു. നിലത്തു വീണ രമേഷിനെ ഒട്ടകം ചവിട്ടുകയും കടിക്കുകയുമായിരുന്നു. ചവിട്ടേറ്റതാണ് രമേഷിന്റെ മരണത്തിന് കാരണമായത്.

To advertise here,contact us