ജെഎൻയുവിൽ മലയാളി മാധ്യമപ്രവർത്തകർക്ക് മർദനം; വനിതമാധ്യമപ്രവർത്തകയ്ക്ക് നേരെ അസഭ്യവർഷം

സംഭവം സർവകലാശാലയിൽ നടന്ന ലോങ് മാർച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ്റെ ലോങ് മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ മർദനവും അസഭ്യവർഷവും. സുരക്ഷാ ജിവനക്കാരാണ് മാധ്യമപ്രവർത്തക സംഘത്തെ ആക്രമിച്ചത്.

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പി വി സുജിത്, 24 ചാനൽ റിപ്പോർട്ടർ അച്യുതൻ, ക്യാമറമാൻ കുമാർ എന്നിവർക്കാണ് മർദനമേറ്റത്. മനോരമ റിപ്പോർട്ടർ ശരണ്യ ഭുവനേന്ദ്രനു നേരെ അസഭ്യവർഷവുമുണ്ടായി.

പ്രധാനഗേറ്റിലൂടെ കോളേജ് ക്യാമ്പസിനുള്ളിലേക്ക് കയറിയ മാധ്യമപ്രവർത്തകരെ സ്വകാര്യ സുരക്ഷ ഏജൻസി ജീവനക്കാർ മർദിക്കുകയായിരുന്നു. മാർച്ചിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് 24 ചാനൽ റിപ്പോർട്ടർക്കും ക്യാമറാമാനും പരിക്കേറ്റത്. കൈയേറ്റദൃശ്യം പകർത്താൻ ശ്രമിക്കുന്നതിനിടെ പി വി സുജിത്തിനും മർദനമേൽക്കുകയായിരുന്നു.

ദൃശ്യങ്ങൾ പകർത്തിയാൽ ക്യാമറ നിലത്തടിച്ച് പൊട്ടിക്കുമെന്ന് ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും മാധ്യമപ്രവർത്തകർ പറയുന്നു. പൊലീസിന്റെ നിർദേശപ്രകാരമാണ് സംഘം ക്യാമ്പസിനകത്തേക്ക് പ്രവേശിച്ചത്. പിടിച്ചുവെച്ച ക്യാമറ പിന്നീട് വിദ്യാർത്ഥികളും പൊലീസും ഇടപെട്ടാണ് വിട്ടുകിട്ടിയത്.

അതേസമയം മാധ്യമപ്രവർത്തകർക്കെതിരെയുള്ള ആക്രമണത്തെ ഡൽഹിയിലെ കേരള പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. സംഭവത്തിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ രാജ്യസഭാംഗങ്ങളായ ജോൺ ബ്രിട്ടാസ്, എ എ. റഹീം, പി സന്തോഷ് കുമാർ എന്നിവരും പ്രതിഷേധിച്ചു.

To advertise here,contact us