'നിയമപരമായും രാഷ്ട്രീയപരമായും നേരിടും'; കെ കവിത ജയില് മോചിതയായി

ബിആര്എസ് നേതാക്കളും പ്രവര്ത്തകരും വന് സ്വീകരണമാണ് അഞ്ച് മാസത്തിന് ശേഷം പുറത്തിറങ്ങുന്ന കവിതയ്ക്ക് നല്കിയത്

ന്യൂഡല്ഹി: ഡല്ഹി മദ്യനയ അഴിമതി കേസില് അറസ്റ്റിലായിരുന്ന ബിആര്എസ് നേതാവ് കെ കവിത ജയില് മോചിതയായി. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കവിത പുറത്തിറങ്ങിയത്. ബിആര്എസ് നേതാക്കളും പ്രവര്ത്തകരും വന് സ്വീകരണമാണ് അഞ്ച് മാസത്തിന് ശേഷം പുറത്തിറങ്ങുന്ന കവിതയ്ക്ക് നല്കിയത്. ബിആര്എസ് വര്ക്കിങ് പ്രസിഡന്റും കവിതയുടെ സഹോദരനുമായ കെ ടി രാമ റാവുവും സ്വീകരിക്കാന് എത്തിയിരുന്നു.

നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നായിരുന്നു കവിത പ്രതികരിച്ചത്. 'ഞങ്ങള് യോദ്ധാക്കളാണ്. നിയമപരമായും രാഷ്ട്രീയപരമായും ഞങ്ങളിതിനെ നേരിടും. ബിആര്എസ്, കെസിആര് ടീമിനെ തകര്ക്കാന് കഴിയാത്തതാക്കുക മാത്രമാണ് അവര് ചെയ്തത്', ജയിലില് നിന്നിറങ്ങി ആദ്യ പ്രതികരണത്തില് കവിത പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് സുപ്രീകോടതി കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന് ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമര്പ്പിക്കണമെന്നും കോടതി നിര്ദേശിച്ചിട്ടുണ്ട്. കേസില് കവിതയ്ക്ക് പങ്കുണ്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര് തെളിയിക്കാന് ശ്രമിച്ചതെന്നും കോടതി ചോദിച്ചിരുന്നു.

ജസ്റ്റിസ് ബി ആര് ഗവായ്, കെ വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കവിതയുടെ ഹര്ജി പരിഗണിച്ചത്. കേസില് സിബിഐയും ഇഡിയും അന്വേഷണം നടത്തിവരികയായിരുന്നു. വിഷയത്തില് രണ്ട് ഏജന്സികളും അന്വേഷണം പൂര്ത്തിയാക്കിയിട്ടുണ്ടെന്നും ഇതേ കേസില് അറസ്റ്റ് ചെയ്യപ്പെട്ട ഡല്ഹി മുന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടിയാണ് കവിത ജാമ്യം ആവശ്യപ്പെട്ടത്.

To advertise here,contact us