'ഇന്നത്തെ കാലത്തിന്റെ പോരാട്ടങ്ങളിലെ വലിയ നഷ്ടം'; യെച്ചൂരിയുടെ വിയോഗത്തില്‍ ആനി രാജ

'ഇന്നത്തെ കാലഘട്ടം നമുക്ക് മുന്നില്‍ വെക്കുന്ന വെല്ലുവിളിയെ എങ്ങനെ നേരിടുമെന്നതിനെ കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരാളായിരുന്നു'

ഡല്‍ഹി: ഇടതുപക്ഷത്തിന്റെ സുപ്രധാന നേതാവിനെയാണ് രാജ്യത്തിനും ഇടതുപക്ഷത്തിനും നഷ്ടമായിരിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ സിപിഐ നേതാവ് ആനി രാജ. അദ്ദേഹത്തെ നഷ്ടപ്പെട്ട ദുഖത്തിലാണ് താനെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തെ എങ്ങനെ നേരിടുമെന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളൊരാളായിരുന്നു യെച്ചൂരിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഇടതുപക്ഷത്തിന്റെ സുപ്രധാനപ്പെട്ട നേതാവിനെയാണ് രാജ്യത്തിനും ഇടതുപക്ഷത്തിനും നഷ്ടമായിരിക്കുന്നത്. ആ നഷ്ടത്തില്‍ സിപിഐഎമ്മിലെ ഓരോ സഖാക്കള്‍ക്കുമൊപ്പം, ഇടതുപക്ഷത്തിന്റെ ഓരോ സഖാക്കള്‍ക്കൊപ്പം, കുടുംബങ്ങള്‍ക്കൊപ്പം, ഞാനും പങ്കുചേരുന്നു. ഈ കാലഘട്ടത്തില്‍ ഒരു പാര്‍ട്ടി മാത്രം വിചാരിച്ചാല്‍ പരാജയപ്പെടുത്താന്‍ പറ്റാത്ത ശക്തിയാണ് നമുക്ക് മുന്നിലുള്ളതെന്ന് മനസിലാക്കി കൊണ്ട് സംയുക്തമായി, രാഷ്ട്രീയ പാര്‍ട്ടികളെയും പുരോഗമന സംഘടനകളെയും ചേര്‍ത്തുകൊണ്ടുള്ള പോരാട്ടങ്ങള്‍ സംഘടിപ്പിച്ച്, അതിന്റെ ഒരു പ്രാധാന്യം മനസിലാക്കിയ ഒരു ഇടതുപക്ഷ നേതാവിയിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടം നമുക്ക് മുന്നില്‍ വെക്കുന്ന വെല്ലുവിളിയെ എങ്ങനെ നേരിടുമെന്നതിനെ കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടുള്ള ഒരാളായിരുന്നു അദ്ദേഹം. അത്തരം പോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതില്‍, മുന്‍നിരയിലുണ്ടായിരുന്നു. ഈ പോരാട്ടങ്ങള്‍ക്കെല്ലാം വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്,' ആനി രാജ പറഞ്ഞു.

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു യെച്ചൂരിയുടെ അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി. 2015 ഏപ്രില്‍ മാസത്തില്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച നടന്ന സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്.

To advertise here,contact us