' ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം'; കെജ്‍രിവാളിന്‍റെ രാജിക്കുപിന്നാലെ ആവശ്യമുന്നയിച്ച് എഎപി

'എഎപിയെ രണ്ട് വര്‍ഷം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടി, എന്നിട്ടും ഒരു തെളിവും കണ്ടെത്താനായിട്ടില്ല'

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലെയും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എഎപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.

'കാലാവധി തീരാന്‍ ആറ് മാസം മാത്രമെ ഉള്ളുവെങ്കില്‍ നിയമസഭ പിരിച്ചുവിടേണ്ട കാര്യമില്ല. അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി നേതാക്കളെയും രണ്ട് വര്‍ഷം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടി. ആയിരക്കണക്കിന് റെയിഡുകള്‍ നടത്തി. എന്നാല്‍ ഒരു രൂപയുടെ പോലും അഴിമതി കണ്ടെത്താനായില്ല'- ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി പറഞ്ഞു. നേരത്തെ നിര്‍ദേശിച്ച സമയത്തിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം എഎപി നേതാക്കളും എംഎല്‍എമാരും യോഗം ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ഗോപാല്‍ റായ്, സഞ്ജയ് സിംഗ്, അതിഷി, രാഘവ് ഛദ്ദ എന്നിവരും മറ്റ് ചില എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Also Read:

Kerala
നിപ സംശയം: രോ​ഗലക്ഷണങ്ങളോടെ 2 പേർ ആശുപത്രിയിൽ, 151 പേർ നിരീക്ഷണത്തിൽ

തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നാണ് ആംആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവ‍ർത്തകരെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവർക്കേ ഭയപ്പെടേണ്ട ആവശ്യമുള്ളൂ എന്നും കെജ്‍രിവാൾ പറഞ്ഞു.

Also Read:

National
സീതാറാം യെച്ചൂരിയ്ക്ക് പകരം ഇനി ആര്? തൽക്കാലം ചുമതല ആ‍ർക്കുമില്ല, ചുമതല കൂട്ടായി നിർവ്വഹിക്കും

അതേസമയം ബിജെപിയും കോൺഗ്രസുമുൾപ്പെടെ കെജ്‍രിവാളിന്‍റെ രാജി പ്രഖ്യാപനത്തെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. എഎപി അഴിമതിയുടെ പാര്‍ട്ടിയാണെന്നും ഡല്‍ഹി വോട്ടര്‍മാര്‍ക്കിടയിലുള്ള പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് ബിജെപി ദേശീയ വക്താവ് പ്രദീപ് ബണ്ഡാരി പ്രതികരിച്ചു.

രാജി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കോൺഗ്രസിൻ്റെ പ്രതികരണം. ഓഫീസിൽ പോയി ഫയലുകളിൽ ഒപ്പിടാൻ കഴിയുന്ന മുഖ്യമന്ത്രിയെ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവ് പറഞ്ഞു. ഡൽഹിയിൽ വെള്ളപ്പൊക്കവും കുടിവെള്ളക്ഷാമവും നേരിട്ടപ്പോൾ കെജ്‍രിവാള്‍ രാജിവച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നും യാദവ് വിമർശിച്ചു.

To advertise here,contact us