ന്യൂഡൽഹി: വിശ്വ ഹിന്ദു പരിഷതിന്റെ രഹസ്യ യോഗത്തിൽ വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ പങ്കെടുത്ത ചിത്രം പുറത്തുവിട്ടതിൽ പ്രതികരിച്ച് വിഎച്ച്പി അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാർ. ചിത്രം പുറത്തുവിട്ടത് നിയമ മന്ത്രാലയത്തിന് സംഭവിച്ച വീഴ്ചയാണ്. വഖഫ് ബിൽ, പള്ളി-ക്ഷേത്ര പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി അതീവ രഹസ്യമായി ചേർന്ന യോഗമായിരുന്നുവെന്നും അലോക് കുമാർ ബാർ ആൻഡ് ബെഞ്ചിനോട് പറഞ്ഞു. സെപ്റ്റംബർ എട്ടിന് ന്യൂഡൽഹിയിലായിരുന്നു യോഗം നടന്നത്.
വിരമിച്ച ജഡ്ജിമാർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അടച്ചിട്ട മുറിയിൽ വളരെ രഹസ്യമായി നടന്ന യോഗമായിരുന്നു. ചിത്രം പകർത്തിയതും അത് പങ്കുവെച്ചതും നിയമമന്ത്രാലയത്തിന് സംഭവിച്ച വീഴ്ചയാണ്. വഖഫ് ഭേദഗതി ബിൽ, ക്ഷേത്രങ്ങളെ തിരിച്ചിപിടിക്കൽ, ക്ഷേത്രങ്ങൾ സർക്കാർ അധീനതയിലാക്കൽ, മതപരിവർത്തനം തുടങ്ങി സമൂഹത്തിന്റെ കൂട്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം സംഘടിപ്പിച്ചത്. ജഡ്ജിമാരും വിഎച്ച്പി പ്രവർത്തകരും തമ്മിൽ ആരോഗ്യപരമായ തുറന്ന സംഭാഷണങ്ങളുണ്ടായെന്നും അലോക് കുമാർ പറഞ്ഞു.
വിഎച്ച്പി യോഗം സംബന്ധിച്ച് ചിത്രങ്ങൾ അർജുൻ റാം മേഘ്വാൾ എക്സിൽ പങ്കുവെച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
വിശ്വ ഹിന്ദു പരിഷതിന്റെ ലീഗൽ സെൽ സംഘടിപ്പിച്ച ജഡ്ജസ് മീറ്റിൽ പങ്കെടുത്തു. വികസിത ഇന്ത്യയെ സൃഷ്ടിക്കാനുള്ള ജുഡീഷ്യൽ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞങ്ങൾ വിശദമായ ചർച്ച നടത്തി- എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ച് മേഘ്വാൾ എക്സിൽ കുറിച്ചത്.
വിരമിച്ച ജഡ്ജിമാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തതെന്ന് വിഎച്ച്പി ആവർത്തിക്കുന്നതിനിടെ നിലവിൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും സർവീസിലുള്ള രണ്ട് ജഡ്ജിമാരും പങ്കെടുത്തെന്ന് പറഞ്ഞ് വിഎച്ച്പി നേതാക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിരമിക്കലിന് പിന്നാലെ ബിജെപിയിൽ ചേർന്ന മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രോഹിത് ആര്യയും യോഗത്തിൽ പങ്കെടുത്തുവെന്ന് സമ്മതിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ശരിവെച്ച് വിധി പ്രസ്താവിച്ച മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയും യോഗത്തിൽ പങ്കെടുത്തിരുന്നു. വിരമിച്ച സുപ്രീം കോടതി ജഡ്ജ് ആദർശ് കുമാർ ഗോയലും യോഗത്തിലുണ്ടായിരുന്നു,
आज विश्व हिंदू परिषद के विधि प्रकोष्ठ द्वारा आयोजित Judge’s Meet समारोह में सहभागिता करके विकसित भारत के निर्माण संबंधित न्यायिक सुधारो से जुड़े विषयों पर विस्तृत संवाद किया। इस अवसर पर विश्व हिंदू परिषद के अध्यक्ष श्री आलोक कुमार जी की गरिमामयी उपस्थित में सेवानिवृत्त… pic.twitter.com/4CSkoeuE0a