ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെ; അതിഷി ഡമ്മി മുഖ്യമന്ത്രിയെന്ന് സ്വാതി മലിവാള്‍

പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ വിട്ടുകിട്ടാന്‍ പ്രതിഷേധം ഉയര്‍ത്തിയ കുടുംബത്തില്‍ നിന്ന് ഒരാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരിക്കുന്നുവെന്നും സ്വാതി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അതിഷി മര്‍ലേനക്കെതിരെ ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാള്‍. പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ വിട്ടുകിട്ടാന്‍ പ്രതിഷേധം ഉയര്‍ത്തിയ കുടുംബത്തില്‍ നിന്ന് ഒരാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരിക്കുന്നുവെന്നും ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെയെന്നും സ്വാതി പറഞ്ഞു. അതിഷി ഡമ്മി മുഖ്യമന്ത്രിയെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. നേരത്തെ സുഷമ സ്വരാജും ഷീലാ ദീക്ഷിതും ഡല്‍ഹി മുഖ്യമന്ത്രിമാരായിരുന്നു.

ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദ്മിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്‌രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് വൈകീട്ടോടെ കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.

നേരത്തെ കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് സ്വാതി പരാതി നല്‍കിയിരുന്നു. ബിഭവ് കുമാറിനെതിരെ സ്വാതി മലിവാള്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.

To advertise here,contact us