ഷിരൂര്‍ ദൗത്യം: ലോറിയുടെ ടയര്‍ കണ്ടെത്തി, കയര്‍ കുരുങ്ങിയ നിലയില്‍, അര്‍ജുന്റേതല്ലെന്ന് മനാഫ്

കണ്ടെത്തിയ ടയര്‍ അര്‍ജുന്റെ വാഹനത്തിന്റേതല്ലെന്ന് ലോറി ഉടമ മനാഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിയിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി നടത്തുന്ന തിരച്ചിലില്‍ ലോറിയുടെ ടയര്‍ കണ്ടെത്തി. ലോറിയുടെ പിന്‍വശത്തെ ടയറാണ് കണ്ടെത്തിയത്. കയര്‍ കുരുങ്ങിയ നിലയിലായിരുന്നു ടയര്‍. എന്നാല്‍ കണ്ടെത്തിയ ടയര്‍ അര്‍ജുന്റെ വാഹനത്തിന്റേതല്ലെന്ന് ലോറി ഉടമ മനാഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഡ്രഡ്ജര്‍ എത്തിച്ചുള്ള തിരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

നേരത്തെ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു. ഇത് അര്‍ജുന്റെ ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയമുള്ളതായും മനാഫ് പ്രതികരിച്ചിരുന്നു. പോയിന്റ് 2-ല്‍ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ഇതേ പോയിന്റില്‍ നിന്ന് ലക്ഷ്മണിന്റെ ചായക്കടയുടെ ഷീറ്റും ഒരു തോള്‍ സഞ്ചിയും ഉള്‍പ്പടെ ലഭിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ കണ്ടെത്തിയ അസ്ഥിയുടെ ഭാഗം മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരിച്ചു. ഫോറന്‍സിക് സര്‍ജനും വെറ്റിനറി ഡോക്ടര്‍മാരുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അസ്ഥി എഫ്എല്‍എല്‍ ലാബിലേക്ക് അയക്കുന്നതിന് മുമ്പാണ് ഫോറന്‍സിക് സര്‍ജന്‍ പരിശോധന നടത്തിയത്.

To advertise here,contact us