മുഡ കേസ് കെട്ടിച്ചമച്ചത്; പോരാട്ടത്തിന് കന്നഡ ജനതയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് സിദ്ധരാമയ്യ

മുഡ കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം

ബെംഗളൂരു: മുഡ അഴിമതി കേസില്‍ ഒരു അന്വേഷണത്തിനും എതിരല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തുടര്‍ നിയമ നടപടികള്‍ വിദഗ്ദരുമായി ആലോചിച്ചെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മുഡ കേസില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം.

'മുഡ കേസ് കെട്ടിച്ചമച്ചതാണ്. പോരാട്ടത്തിന് കന്നഡ ജനതയുടെ പൂര്‍ണ പിന്തുണയുണ്ട്. ബിജെപിയും ജെഡിഎസും രാജ്ഭവനെ ദുരുപയോഗം ചെയ്തു. നിയമ പോരാട്ടത്തില്‍ സത്യം ജയിക്കും,' സിദ്ധരാമയ്യ പറഞ്ഞു.

മുഡ കേസുമായി ബന്ധപ്പെടുത്തി മുന്‍ പ്രതികളെ വിചാരണ ചെയ്യാമെന്ന ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റെ ഉത്തരവിനെതിരെയായിരുന്നു സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്ന സിദ്ധരാമയ്യയുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. സ്വകാര്യ പരാതിയില്‍ വിചാരണക്ക് അനുമതി നല്‍കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും ഗവര്‍ണര്‍ രാഷ്ട്രീയ പ്രേരിതമായി പെരുമാറിയെന്നും സിദ്ധരാമയ്യ കോടതിയില്‍ ബോധ്യപ്പെടുത്തിയിരുന്നു.

എന്നാല്‍ പരാതി രജിസ്റ്റര്‍ ചെയ്ത് ഗവര്‍ണറോട് അനുമതി തേടുന്നത് ന്യായമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു.

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്കിയത്. 3000 കോടിയുടെ ക്രമക്കേട് ഈ കേസുമായി നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പാര്‍വതിക്ക് അവരുടെ സഹോദരന്‍ നല്‍കിയ ഭൂമി, മൈസൂരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയില്‍ അവര്‍ക്ക് ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍. 2010ലാണ് സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് സഹോദരന്‍ മല്ലികാര്‍ജുന്‍ ഭൂമി സമ്മാനിച്ചത്.

To advertise here,contact us