ഷിരൂർ ദൗത്യം; കൂടുതൽ ലോഹഭാ​ഗങ്ങൾ കണ്ടെത്തി, ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമം

വേലിയിറക്ക സമയത്ത് വസ്തു പുറത്തെടുക്കാനാണ് തീരുമാനം

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിലിൽ നിർണായക സൂചനകൾ ലഭിച്ചതായി റിപ്പോർട്ട്. കൂടുതല്‍ ലോഹ ഭാഗങ്ങൾ കണ്ടെത്തിയതായി സൂചന. കണ്ടെത്തിയത് ഭാരമുള്ള വസ്തുവാണെന്നാണ് റിപ്പോർട്ട്. ക്രെയിൻ ഉപയോഗിച്ച് ഫൂക്ക് ചെയ്തിട്ടുണ്ട്, വേലിയിറക്ക സമയത്ത് വസ്തു പുറത്തെടുക്കാനാണ് തീരുമാനം.

സട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ രണ്ടിൽ നടത്തിയ തിരിച്ചിലിലാണ് കണ്ടെത്തൽ. നേരത്തെ സ്‌ട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ കോൺടാക്ട് പോയിന്റ് നാലിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ലക്ഷ്മണന്റെ ഉടമസ്ഥതയിലുള്ള ദാബ സ്ഥിതി ചെയ്തിരുന്നതിന്റെ പുറുകുവശം കേന്ദ്രീകരിച്ചും മണ്ണ് നീക്കി പരിശോധിക്കാനാണ് നീക്കം. അതേസമയം കാലാവസ്ഥ പ്രതികൂലമായാൽ ദൗത്യം കൂടുതൽ സങ്കീർണ്ണമാകും.

ഇന്നും പ്രദേശത്ത് റെഡ് അലർട്ടാണ്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ സ്‌കൂട്ടറും മറ്റ് ഇരുമ്പുവസ്തുക്കളും അടക്കമുള്ളവ ലഭിച്ചെങ്കിലും അർജുന്റെ ലോറിയുടേത് എന്ന നിലയിൽ കൂടുതൽ വ്യക്തത വരുത്താവുന്ന ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം പ്രദേശത്ത് തിരച്ചിൽ തുടരുമെന്നും തിരച്ചിലിനാവശ്യമായ പണം നൽകുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ഷിരൂരിൽ അർജുൻ അപകടത്തിൽപ്പെടുന്നത്.

To advertise here,contact us