'കർഷക നിയമം തിരികെ കൊണ്ടുവരണം'; കങ്കണയെ പിന്തുണച്ച് ബിജെപി എംഎൽഎ

പരാമർശത്തെ ബിജെപി നേതൃത്വം തള്ളുകയും വാക്കുകൾ കങ്കണ പിൻവലിക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി എംഎൽഎയുടെ പിന്തുണ

​ഗാസിയാബാദ്: പിൻവലിച്ച കർഷക നിയമങ്ങൾ തിരികെകൊണ്ടുവരണമെന്ന എം പി കങ്കണ റണാവത്തിന്റെ പരാമർശത്തിന് പിന്തുണയുമായി ബിജെപി എംഎൽഎ. പരാമർശത്തെ ബിജെപി നേതൃത്വം തള്ളുകയും വാക്കുകൾ കങ്കണ പിൻവലിക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി എംഎൽഎ നന്ദ കിഷോർ ​ഗുർജാർ പിന്തുണയുമായി രം​ഗത്തെത്തിയത്.

'കർഷക പ്രക്ഷോഭം നടന്ന സമയത്ത് മൃതദേഹങ്ങൾ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയിരുന്നുവെന്ന് മാത്രമാണ് കങ്കണ പറഞ്ഞത്. എല്ലാവരും അത് കണ്ടതാണ്. പക്ഷേ ആർക്കും സത്യം അം​ഗീകരിക്കാൻ സാധിക്കുന്നില്ല. കർഷകരുടെ ജീവിതം മാറ്റിമറിച്ച പ്രധാനമന്ത്രി കർഷക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് ഇപ്പോൾ കർഷകർ ആവശ്യപ്പെടുന്നത്. കങ്കണയുടെ പരാമർശങ്ങളോട് പൂർണമായും യോജിക്കുന്നു', ​ഗുർജാർ പറഞ്ഞു. ബില്ലുകൾ വന്നപ്പോൾ ഖലിസ്ഥാനികളും ഐഎസ്ഐയും സജീവമായി കർഷകരുടെ പ്രതിഷേധത്തിലെത്തിയെന്നും അദ്ദേഹം പറ‍ഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കർഷക നിയമങ്ങൾ തിരികെ ​കൊണ്ടുവരണമെന്നും കർഷകർ തന്നെ ഇത് ആവശ്യപ്പെടണമെന്നും കങ്കണ പറഞ്ഞത്. സംഭവത്തിന് പിന്നാലെ ബിജെപിക്കും കങ്കണയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തിയിരുന്നു. കങ്കണ മാനസികമായി അസ്ഥിരയാണെന്ന് തോന്നുന്നുവെന്നായിരുന്നു പഞ്ചാബ് കോൺ​ഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജയുടെ പ്രതികരണം.

വിമർശനങ്ങൾ കടുത്തതോടെ കങ്കണ റണാവത്തിന്റെ പരാമർശത്തെ അപലപിച്ച് ബിജെപി രംഗത്തെത്തുകയായിരുന്നു. പാർട്ടിയുടെ പേരിൽ നിന്ന് ഇത്തരം പരാമർശങ്ങൾ നടത്താൻ കങ്കണയ്ക്ക് അധികാരമില്ലെന്നാണ് ബിജെപിയുടെ നിലപാട്. കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും കർഷക നിയമത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് ഇത്തരത്തിലല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു.

ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു. പരാമർശങ്ങൾ പിൻവലിക്കുന്നുവെന്നും എംപി പറഞ്ഞു.

To advertise here,contact us