ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാന്‍ലിന്റെ സത്യപ്രതിജ്ഞ ഇന്ന്; മന്ത്രിസഭാ പുനഃസംഘടന നടക്കും

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രണ്ടു ദിവസം മുന്‍പ് ജാമ്യത്തില്‍ ഇറങ്ങിയ സെന്തില്‍ ബാലാജിയും മന്ത്രിസഭയില്‍ തിരിച്ചെത്തും.

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി മന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാന്‍ലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 3:30 ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുക്കും. ഉദയനിധിക്കൊപ്പം പുതിയ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ക്ഷീര വികസന വകുപ്പ് മന്ത്രി ടി മനോജ് ത്യാഗരാജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഗിന്‍ജി മസ്താന്‍, ടൂറിസം വകുപ്പ് മന്ത്രി കെ രാമചന്ദ്രന്‍ എന്നിവര്‍ക്കുപകരമാണ് പുതിയ മുഖങ്ങള്‍ വകുപ്പുകള്‍ ഏറ്റെടുക്കുക. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രണ്ടു ദിവസം മുന്‍പ് ജാമ്യത്തില്‍ ഇറങ്ങിയ സെന്തില്‍ ബാലാജിയും മന്ത്രിസഭയില്‍ തിരിച്ചെത്തും.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഉദയനിധിക്ക് ഉപമുഖ്യ മന്ത്രിപദവി നല്‍കിയുള്ള ഡി എം കെയുടെ തലമുറ മാറ്റം. നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശവും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദവിയിലൂടെ ഉദയനിധിയുടെ സ്വീകാര്യത വര്‍ധിപ്പിച്ച് തുടര്‍ഭരണം പിടിക്കുക എന്നതാണ് സ്റ്റാന്‍ലിന്‍ ലക്ഷ്യമിടുന്നത്. 2021 ല്‍ ചെക്‌പോക് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഉദയനിധി 2022 ല്‍ ആയിരുന്നു ഡിഎംകെ മന്ത്രിസഭയില്‍ കാല്കുത്തിയത്.

കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി സ്റ്റാലിന്‍. നിങ്ങള്‍ മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു ഒടുവിലായി ഉദയനിധിയുടെ സ്ഥാനാരോഹണത്തെ കുറിച്ച് സ്റ്റാലിന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രതികരിച്ചത്.

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്ന് ഉയരുന്നുണ്ടെന്ന് സമ്മതിക്കുമ്പോഴും സമയമായില്ലെന്നായിരുന്നു നേരത്തെ സ്റ്റാലിനെടുത്തിരുന്ന നിലപാട്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് ഇപ്പോഴത്തെ നീക്കം.

To advertise here,contact us