'സുപ്രീംകോടതി ഹൈന്ദവ പാരമ്പര്യത്തിന്റെ പവിത്രത ഉയര്‍ത്തിപ്പിടിച്ചു'; ലഡ്ഡു വിവാദത്തില്‍ ജഗന്‍മോഹന്‍ റെഡ്ഡി

സുപ്രീം കോടതിയുടെ നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും ജഗന്‍മോഹന്‍ റെഡ്ഡി

തെലങ്കാന: തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരായ സുപ്രീം കോടതി വിമര്‍ശനത്തില്‍പ്രതികരിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി. സത്യം വിജയിക്കട്ടെയെന്നും സുപ്രീം കോടതി ഹൈന്ദവ പാരമ്പര്യത്തിന്റെ പവിത്രത ഉയര്‍ത്തിപിടിച്ചുവെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. സുപ്രീം കോടതിയുടെ നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവാദത്തില്‍ ആന്ധ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്നും ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. ലഡ്ഡുവില്‍ മൃഗക്കൊഴുപ്പെന്ന ലാബ് റിപ്പോര്‍ട്ട് പുറത്ത് വിട്ടതിലും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി നേതാവ് സുബ്രഹ്‌മണ്യ സ്വാമിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

'ഏകപക്ഷീയമായുണ്ടാക്കിയ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രസാദത്തില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്നും, മാലിന്യം അടങ്ങിയിട്ടുണ്ടെന്നും അത് അശുദ്ധമാണെന്നും പ്രഖ്യാപിക്കാന്‍ എങ്ങനെയാണ് ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രിക്ക് സാധിക്കുന്നത്. ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചോ?. ഭക്തരുമായി ബന്ധപ്പെട്ട വൈകാരിക വിഷയമാണിത്. ഇത്തരം വിഷയത്തെ കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല,' സുപ്രീം കോടതി നിരീക്ഷിച്ചു.

അന്വേഷണത്തിന് ഉത്തരവിട്ടിട്ട് റിപ്പോര്‍ട്ട് വരും മുന്‍പ് മാധ്യമങ്ങളെ കണ്ടതെന്തിനാണെന്നും ഉറപ്പില്ലാത്ത ഒരു കാര്യം എങ്ങനെ പരസ്യമായി പറഞ്ഞുവെന്നും കോടതി ചോദിച്ചു. എസ്‌ഐടി അന്വേഷണം കൊണ്ടെന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ലാബ് റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ അശുദ്ധമായ നെയ്യ് ഉപയോഗിച്ചതായി കാണിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണവുമായി ഇനി മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ അന്വേഷണം തടഞ്ഞുവെച്ചു. വിഷയത്തില്‍ സംസ്ഥാനം നിയോഗിച്ച എസ്ഐടി അന്വേഷണം തുടരണമോ അതോ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമോ എന്ന് അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് കേസ് വീണ്ടും പരിഗണിക്കും.

To advertise here,contact us