യുവ ഡോക്ടറുടെ കൊലപാതകം: പ്രതി സഞ്ജയ് റോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ

യുവ ഡോക്ടറുടെ ശരീരത്തില്‍ ആന്തരികമായും ശരീരത്തിന് പുറത്തും പരിക്കുകളുമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചിപ്പിച്ചിരുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. ആശുപത്രിക്കുള്ളില്‍ വെച്ച് ഓഗസ്റ്റ് ഒമ്പതിന് പ്രതി യുവ ഡോക്ടറെ ബലാത്സംഗത്തിനിരകയാക്കി കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജോലിയിലെ ഇടവേളക്കിടയില്‍ സെമിനാര്‍ മുറിയില്‍ വിശ്രമിക്കാൻ പോയ യുവ ഡോക്ചറെ ലോക്കല്‍ പൊലീസിലെ സിവിക് വളണ്ടിയറായ സഞ്ജയ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

കുറ്റപത്രത്തില്‍ കൂട്ട ബലാത്സംഗത്തെ കുറിച്ച് പരാമര്‍ശിക്കാത്തതിനാല്‍ സഞ്ജയ് റോയ് ഒറ്റയ്ക്കാണ് അക്രമം നടത്തിയതെന്നാണ് സൂചിപ്പിക്കുന്നത്. മറ്റൊരു ജൂനിയര്‍ ഡോക്ടറായിരുന്നു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പീഡനത്തിനിരയായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. യുവ ഡോക്ടറുടെ ശരീരത്തില്‍ ആന്തരികമായി 25 മുറിവുകളും ശരീരത്തിന് പുറത്തും പരിക്കുകളുമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അതേ ദിവസം പുലര്‍ച്ചെ 4.03ന് സഞ്ജയ് സെമിനാര്‍ മുറിയിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയിലൂടെ കണ്ടെത്തിയത്. അരമണിക്കൂറിന് ശേഷം ഇയാള്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. കുറ്റം നടന്ന സ്ഥലത്ത് നിന്നും സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും കൊല്‍ക്കത്ത പൊലീസ് കണ്ടെടുത്തിരുന്നു. പിന്നാലെ സിബിഐ കേസ് ഏറ്റെടുക്കുകയും ഇയാളെ നുണപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു.

താന്‍ സെമിനാര്‍ മുറിയിലേക്ക് കയറിയപ്പോള്‍ തന്നെ യുവതി ബോധരഹിതയായിരുന്നുവെന്നായിരുന്നു സഞ്ജയ് പറഞ്ഞത്. എന്നാല്‍ വിവരം എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ലെന്ന ചോദ്യത്തിന് താന്‍ പരിഭ്രാന്തിയാലായതിനാലാണ് അറിയിക്കാന്‍ സാധിക്കാതിരുന്നതെന്നായിരുന്നു മറുപടി. തന്നെ കേസില്‍ കുടുക്കുകയാണെന്നും സഞ്ജയ് റോയ് ആരോപിച്ചു. പിന്നാലെ നടന്ന അന്വേഷണത്തില്‍ സഞ്ജയ് റോയ് തങ്ങളോട് നുണപറയുകയാണെന്ന് സിബിഐക്ക് വ്യക്തമായി.

കൊല്ലപ്പെട്ട യുവ ഡോക്ടറുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സന്ദീപ് ഘോഷിനെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം ആത്മഹത്യയെന്ന രീതിയിലായിരുന്നു ഡോക്ടറുടെ മാതാപിതാക്കളെ സന്ദീപ് ഘോഷ് അറിയിച്ചത്. മാതാപിതാക്കളെ മൃതശരീരം കാണിക്കുന്നതും സന്ദീപ് ഘോഷ് വൈകിപ്പിച്ചിരുന്നു.

Content Highlights: CBI Submitted charge sheet against Sanjay Roy on R G Kar Hospital murder case

To advertise here,contact us