'നിങ്ങളുടെ സുഹൃത്ത് ഒരു ഗുണ്ടയാണ്'; ചർച്ചയായി ബാബ സിദ്ദിഖിയുടെ കൊലയാളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

സമൂഹമാധ്യമങ്ങളില്‍ ശിവ് കുമാര്‍ പങ്കുവെച്ച മറ്റ് ഫോട്ടോകളും പ്രചരിക്കുന്നുണ്ട്.

മുംബൈ: മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലയാളികളില്‍ ഒരാളായ ശിവ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. യാര്‍ തേരാ ഗ്യാങ്സ്റ്റര്‍ ഹായ് ജാനി (നിങ്ങളുടെ സുഹൃത്ത് ഒരു ഗുണ്ടാസംഘത്തിലേതാണ്) എന്ന അടിക്കുറിപ്പോടെ മൂന്ന് മാസം മുമ്പാണ് ശിവ് കുമാര്‍ തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ ശിവ് കുമാര്‍ പങ്കുവെച്ച മറ്റ് ഫോട്ടോകളും പ്രചരിക്കുന്നുണ്ട്.

'എന്റെ അച്ഛന്‍ മാന്യനായ വ്യക്തിയാണ്, പക്ഷേ ഞാനല്ല' എന്നാണ് മറ്റൊരു പോസ്റ്റിലെ അടിക്കുറിപ്പ്. കെജിഎഫ് സിനിമയിലെ ഗാനം പശ്ചാത്തലമായും ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഓഗസ്റ്റ് നാലിനാണ് ശിവ് കുമാര്‍ അവസാന പോസ്റ്റ് പങ്കുവെച്ചത്.

ബാബ സിദ്ദിഖിയ്ക്ക് നേരെ ഒന്നിലധികം തവണ വെടിയുതിര്‍ത്ത മൂന്ന് ഷൂട്ടര്‍മാരില്‍ ഒരാളാണ് ശിവ് കുമാര്‍. ഇയാളുടെ കൂട്ടാളികളായ ഗുര്‍മെയില്‍ ബല്‍ജിത് സിംഗ്, ധര്‍മ്മരാജ് രാജേഷ് കശ്യപ് എന്നിവരെ കുറ്റകൃത്യം നടന്ന രാത്രി തന്നെ അറസ്റ്റ് ചെയ്‌തെങ്കിലും ശിവ് കുമാര്‍ രക്ഷപ്പെടുകയായിരുന്നു.

ബാന്ദ്രയില്‍ നിന്ന് റിക്ഷയിലാണ് ശിവ് കുമാര്‍ കുര്‍ള സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് കുര്‍ളയില്‍ നിന്ന് പന്‍വേല്‍ സ്റ്റേഷനിലേക്ക് പ്രതി ട്രെയിനില്‍ കയറിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പന്‍വേലില്‍ വെച്ചാണ് ഇയാളെ അവസാനമായി കണ്ടത്, പന്‍വേലില്‍ നിന്ന് എക്സ്പ്രസ് ട്രെയിനില്‍ ഇയാള്‍ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നു. കേസിലെ വെടിവെപ്പ് നടത്തിയവരില്‍ രണ്ട് പ്രതികള്‍, ശിവ് കുമാറും കശ്യപും ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലെ ഗാന്ദാര ഗ്രാമത്തില്‍ നിന്നുള്ളവരാണ്. പൂനെയിലേക്ക് താമസം മാറിയത് എന്തിനാണെന്ന് അറിയില്ലെന്ന് ഇവരുടെ കുടുംബം പറയുന്നു.

മൂന്നാം പ്രതിയായ സിംഗ് ഹരിയാന സ്വദേശിയാണ്. ശിവ് കുമാറിന് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ലെന്നും നാട്ടുകാരും പൊലീസും പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയി ഗുണ്ട സംഘം ഏറ്റെടുത്തിരുന്നു. തങ്ങള്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലുള്ളവരാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസമായി തങ്ങള്‍ സിദ്ദിഖിയെ നിരീക്ഷിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

Content Highlight: your friend is a gangster Baba Siddique's Shooter Had Posted On Instagram

To advertise here,contact us