മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക, സന്യാസി മഠങ്ങളുടെ കാര്യത്തില്‍ നിര്‍ദേശമുണ്ടോ?; സുപ്രീം കോടതി

മദ്രസകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുള്ള ഉത്തരവുകള്‍ യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.

ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവില്‍ വിമര്‍ശനവുമായി സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും മറ്റു മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ചോദിച്ചു. ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ആശങ്ക. സന്യാസി മഠങ്ങളില്‍ കുട്ടികളെ അയക്കുന്നതില്‍ നിര്‍ദേശമുണ്ടോയെന്നും ബാലാവകാശ കമ്മിഷനെയും ഉത്തര്‍പ്രദേശിനെയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് ആണ് വിമര്‍ശിച്ചത്.

മദ്രസകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുള്ള ഉത്തരവുകള്‍ യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. അങ്ങനെ നിര്‍ബന്ധം പിടിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. മദ്രസ മാറാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്നായിരുന്നു യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രിംകോടതിയുടെ വിമര്‍ശനം. നിയമത്തിന്റെ ഉദ്ദേശം പരിശോധിക്കൂവെന്ന് യുപി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച സുപ്രിംകോടതി മദ്രസകള്‍ നിയന്ത്രിക്കുന്നത് ദേശീയ താല്‍പര്യമാണോയെന്നും ചോദിച്ചു.

കുട്ടികളുടെ മദ്രസ മാറ്റത്തിന് ഇടപെടുന്നതിലൂടെ സര്‍ക്കാരിന്റെ നയം വ്യക്തമാകും. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് മതേതരത്വം. സംസ്‌കാരം, മതം തുടങ്ങിയവ ഒന്നാകുന്ന ഇടമാണ് നമ്മുടെ രാജ്യം, ഇത് സംരക്ഷിക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. 2004ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി.

Content Highlights: Why worry only about Madrasahs, do you have any suggestion about Sanyasi Mutts?; Supreme Court

To advertise here,contact us