കാറ്റിന്റെ ഗതിയോ അപകട കാരണം? രണ്ട് ദിവസത്തിനിടെ മണാലിയില്‍ മരിച്ചത് രണ്ട് പാരാഗ്ലൈഡര്‍മാര്‍

ശക്തമായ കാറ്റ് കാരണം ഗ്ലൈഡറിന് മേലുള്ള നിയന്ത്രണം നഷ്ടമായതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരങ്ങള്‍

ഷിംല: രണ്ട് ദിവസത്തിനുള്ളില്‍ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ രണ്ട് പാരാഗ്ലൈഡര്‍മാര്‍ക്ക് ദാരുണാന്ത്യം. ബെല്‍ജിയന്‍ പാരാഗ്ലൈഡര്‍ക്ക് പിന്നാലെ ഇന്ന് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള പാരാഗ്ലൈഡറും അപകടത്തിനിരയായി മരിക്കുകയായിരുന്നു.

ദിത മിസുര്‍കോവ (43)യാണ് കഴിഞ്ഞ ദിവസം അതിദാരുണമായി മരിച്ചത്. ശക്തമായ കാറ്റ് കാരണം ഗ്ലൈഡറിന് മേലുള്ള നിയന്ത്രണം നഷ്ടമായതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരങ്ങള്‍. ഉടനെ മണാലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ് വര്‍ഷമായി പാരാഗ്ലൈഡിങ് നടത്തുന്ന അനുഭവ സമ്പത്തുള്ള പാരാഗ്ലൈഡറാണ് മിസുര്‍കൊവയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചൊവ്വാഴ്ച മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ച് ബെല്‍ജിയന്‍ പാരാഗ്ലൈഡറായ ഫെയാറെത് മരിച്ചിരുന്നു. പോളിഷ് പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ പോളിഷ് പാരാഗ്ലൈഡര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പത്ത് പാരാഗ്ലൈഡറുകള്‍ ഒരുമിച്ച് പറന്നുയര്‍ന്നപ്പോഴാണ് അപകടമുണ്ടായത്. പറന്നുയര്‍ന്നപ്പോള്‍ പാരച്യൂട്ട് തുറക്കാന്‍ പറ്റാത്തതിനെ തുടര്‍ന്നാണ് പാരാഗ്ലൈഡര്‍ക്ക് ദാരുണാന്ത്യമുണ്ടാകുന്നത്.

Also Read:

National
തീപിടിത്തമുണ്ടായാൽ സീറ്റിന്റെ ഇരുവശത്ത് നിന്നും വെളളം ചീറ്റും,അലാറം; 'ഐരാവത് ക്ലബ് ക്ലാസ് 2.0' ബസിന് 1.78 കോടി

പ്രാദേശിക കാറ്റിന്റെ ഗതിയോ ഭൂമിശാസ്ത്രപരമായ സവിശേഷതകളോ അറിയാതെ പാരാഗ്ലൈഡര്‍മാര്‍ വരുമ്പോള്‍ അപകട സാധ്യത വര്‍ധിക്കുന്നതായി കങ്‌റ ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ വിനയ് ദിമാന്‍ പറഞ്ഞു. പറക്കുമ്പോള്‍ അപകട സാധ്യത കുറയ്ക്കുന്നതിന് വിദഗ്ദരുടെ സഹായത്തോടെ ബിര്‍ ബില്ലിങ് പ്രദേശത്തെ താപനില രേഖപ്പെടുത്താനുള്ള പ്രക്രിയയിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ രണ്ടിന് ഹിമാചലിലെ ബിര്‍ ബില്ലിങ്ങില്‍ വെച്ച് നടക്കാനിരിക്കുന്ന പാരാഗ്ലൈഡിങ് ലോകകപ്പിന് മുന്നോടിയുള്ള അപകടം നടന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും റഷ്യന്‍, പോളിഷ്, ഇന്ത്യന്‍ സ്വദേശികളായ പാരാഗ്ലൈഡര്‍മാര്‍ ഒരാഴ്ചയ്ക്കിടെ മരിച്ചിരുന്നു.

Content Highlights: 2 Paragliders died within 2 days in Manali

To advertise here,contact us