8 മൊബൈലുകൾ, 20 സിമ്മുകൾ, പല പേരുകള്‍, ഒളിജീവിതം; ഡൽഹി ഡോക്ടറുടെ കൊലപാതകത്തിലെ മുഖ്യസൂത്രധാരൻ ഒടുവില്‍ പിടിയിൽ

ഇന്ത്യ-നേപ്പാൾ അതിർത്തി വരെ 1600 കിലോമീറ്ററോളം പിന്തുടർന്ന് ഇന്ന് രാവിലെയാണ് പ്രതിയായ വിഷ്ണുസ്വരൂപ് ഷാഹിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു

ന്യൂഡൽഹി: ജംഗ്‌പുരയിൽ പ്രമുഖ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. ഇന്ത്യ-നേപ്പാൾ അതിർത്തി വരെ 1600 കിലോമീറ്ററോളം പിന്തുടർന്ന് ഇന്ന് രാവിലെയാണ് പ്രതിയായ വിഷ്ണുസ്വരൂപ് ഷാഹിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

ഇയാൾ ഒളിവിലായിരിക്കെ എട്ട് മൊബൈൽ ഫോണുകളും 20 സിം കാർഡുകളും ഉപയോഗിച്ചതായും പൊലീസ് വ്യക്തമാക്കി. വിഷ്ണുസ്വരൂപ് തൻ്റെ പേര് പലയിടങ്ങളിലും മാറ്റിപ്പറയുകയും താൻ പോകുന്നിടത്തെല്ലാം വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുകയും ചെയ്തു. വിഷ്ണു സ്വരൂപ് ഷാഹി, ശക്തി സായി, സത്യ സായി, സൂര്യ പ്രകാശ് ഷാഹി, ഗഗൻ ഒലി, കൃഷ്ണ ഷാഹി എന്നീ പേരുകളുള്ള രേഖകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലാകുമ്പോൾ 'ഗഗൻ ഒലി' എന്ന ഐഡൻ്റിറ്റിയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

63 കാരനായ യോഗേഷ് ചന്ദ്ര പോൾ എന്ന ഡോക്ടറെയാണ് ജംഗ്പുര വീട്ടിലെ അടുക്കളയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറികളിൽ മോഷണം നടത്തിയതിൻ്റെ സൂചനകൾ ഉണ്ടായിരുന്നു.

ഡോക്ടറെ കൊല്ലുന്നതിന് മുമ്പ് പ്രതികൾ വീട് കൊള്ളയടിച്ചതായി ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സഞ്ജയ് സെൻ പറഞ്ഞിരുന്നു. വീടിന് ചുറ്റും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ ഒന്നിലധികം പ്രതികൾ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. അന്വേഷണത്തിനിടെ വീട്ടുജോലിക്കാരി ബസന്തി, ആകാശ്, ഹിമാൻഷു ജോഷി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സൂത്രധാരൻ വിഷ്ണുസ്വരൂപ് ഷാഹിയും നാല് സഹായികളും ഒളിവിലായിരുന്നു.

ഹിമാചൽ പ്രദേശിലെ സുകേത് താഴ്‌വരയിൽ വിഷ്ണുസ്വരൂപ് ഷാഹി ഒളിവിൽ കഴിഞ്ഞിരുന്നതായും അവിടെ നിന്ന് നേപ്പാളിലേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നതായും പൊലീസിന് രഹസ്യവിവരം ലഭിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തുന്നതിന് മുമ്പ് പ്രതി ഡെറാഡൂണിലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിലേക്ക് പോകുന്നതിനിടെയാണ് ഇന്ന് രാവിലെ ഇയാളെ പിടികൂടിയത്.

content highlights: Delhi Doctor Murder Accused's Exit Plan

To advertise here,contact us