ഒരു തിരഞ്ഞെടുപ്പിൽ തന്ത്രം മെനഞ്ഞാൽ എത്ര കിട്ടും?; പ്രശാന്ത് കിഷോർ വാങ്ങുന്നത് നൂറു കോടിയിലധികം പ്രതിഫലം,

ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പ് തന്ത്രം നല്‍കുന്നതിലൂടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രചരണത്തിനുള്ള പണം ലഭിക്കുമെന്ന് പ്രശാന്ത് കിഷോര്‍

പാട്‌ന: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ നല്‍കുന്ന മുന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സൂരജ് അധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍ താന്‍ വാങ്ങിയിരുന്ന പ്രതിഫല തുക വെളിപ്പെടുത്തി. നൂറു കോടിയിലധികം രൂപയാണ് പ്രശാന്ത് കിഷോര്‍ പ്രതിഫലമായി വാങ്ങിയിരുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഹാര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് വെളിപ്പെടുത്തല്‍.

തന്റെ തിരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിന്റെ സ്രോതസിനെ കുറിച്ച് പലരും ചോദിക്കാറുണ്ടെന്ന് പറഞ്ഞായിരുന്നു ബെലഗഞ്ചില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. പത്ത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ തന്റെ തന്ത്രത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'10 സംസ്ഥാനങ്ങളിലെ വ്യത്യസ്ത സര്‍ക്കാരുകള്‍ എന്റെ തന്ത്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്റെ പ്രചരണത്തിന് വേണ്ടി ചെലവാക്കാന്‍ എനിക്ക് മതിയായ പണമില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ അത്ര ദുല്‍ബലനാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ബിഹാറിലെ എന്റെ പ്രതിഫലം പോലെ ആരും വാങ്ങുന്നുണ്ടാകില്ല. ഒരു തിരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും ഉപദേശം നല്‍കുമ്പോള്‍ ഞാന്‍ വാങ്ങുന്ന തുക 100 കോടിയോ അതിലധികമോ ആണ്. ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പ് തന്ത്രം നല്‍കുന്നതിലൂടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രചരണത്തിനുള്ള പണം ലഭിക്കും', അദ്ദേഹം പറഞ്ഞു.

Also Read:

National
മൂന്ന് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന് 22കാരൻ; മൃതദേഹം വയലിൽ കുഴിച്ചുമൂടി

2014ല്‍ നരേന്ദ്ര മോദിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോട് കൂടിയാണ് പ്രശാന്ത് കിഷോര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ 2015ലെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്തു.

2019ല്‍ ആന്ധ്രപ്രദേശ് തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍സിപിക്ക് വേണ്ടിയും 2020ല്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടിയും 2021ല്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടിയും പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്തു. 2017ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചെങ്കിലും വിജയിച്ചില്ല.

Content Highlights: Prasanth Kishore earned more than 100 crore in one election campaign

To advertise here,contact us