പിഎസ്‌സി ചെയര്‍മാനാക്കണം; ആര്‍എസ്എസ് നേതാവെന്ന പേരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ച ആൾ അറസ്റ്റില്‍

ആർഎസ്എസിന്റെ പേരിൽ വ്യാജ ലെറ്റർഹെഡ് നിർമിച്ചാണ് ഇയാൾ കത്തയച്ചത്

ന്യൂഡൽഹി : രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായി നിയമിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവെന്ന പേരില്‍ കത്തയച്ച ആൾ അറസ്റ്റില്‍. കുശാൽ ചൗധരിഎന്ന ആളാണ് ആർഎസ്എസ് നേതാവാണെന്ന് അവകാശപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്ക് കത്തയച്ചത്. ആർഎസ്എസിന്റെ പേരിൽ വ്യാജ ലെറ്റർഹെഡ് നിർമിച്ചാണ് ഇയാൾ കത്തയച്ചത്. കത്തിന്റെ പകർപ്പ് ഇയാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അയച്ചിരുന്നു.

കത്ത് വ്യാജമാണെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് നടപടി. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിന് ശേഷം ഇയാളുടെ പക്കൽ നിന്ന് ആർഎസ്എസുമായി ബന്ധപ്പെട്ട വ്യാജരേഖകൾ പിടിച്ചെടുത്തതായി ജയ്പൂർ വെസ്റ്റ് ഡിസിപി അമിത് കുമാർ പറഞ്ഞു. ഭിന്നശേഷി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള കമ്മീഷണറായി നാമനിർദേശം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് കുശാൽ ചൗധരി അസം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സമാനമായ കത്ത് അയച്ചിരുന്നുവെന്നും ഡിസിപി പറഞ്ഞു. പ്രതി ആർഎസ്എസിൽ ഒരു സ്ഥാനവും വഹിക്കുന്നില്ല .സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡിസിപി വ്യക്തമാക്കി.

കുശാൽ ചൗധരി സോഷ്യൽ മീഡിയയിൽ സ്വയം ആർഎസ്എസ് സൈദ്ധാന്തികൻ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഇതിനെതിരെ വിജയ് സിങ് എന്നയാൾ പൊലീസിൽ പരാതി നൽകിയിരുന്നു.

Also Read:

National
ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വെടിയുണ്ടകൾ; സംഭവം ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ

content highlights: Rajasthan man arrested for posing as RSS member, forging Sangh's documents

To advertise here,contact us