ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 36 മരണം, നിരവധി പേര്‍ക്ക് പരിക്ക്

200 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അല്‍മോരയിലെ മര്‍ചുലയിലാണ് അപകടമുണ്ടായത്. പൗരിയില്‍ നിന്ന് രാംനഗറിലേക്ക് പോവുകയായിരുന്നു ബസ്. 200 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞതെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. ബസില്‍ പരിധിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നുവെന്നും വിവരമുണ്ട്.

45പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബസാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ ബസില്‍ ഇതില്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമി അറിയിച്ചു. പരിക്കേറ്റവരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്യാനും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: 36 Killed As Bus Falls In Gorge In Uttarakhand's Almora District

To advertise here,contact us