10 സംസ്ഥാനങ്ങളിലെ 31 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നു; ഇൻഡ്യ മുന്നണിയും എൻഡിഎയും മുഖാമുഖം

രാജസ്ഥാനിൽ ഏഴ്, പശ്ചിമബംഗാളിൽ ആറ്, അസമിൽ അഞ്ച്, ബിഹാറിൽ നാല്, കർണാടകയിൽ മൂന്ന്, മധ്യപ്രദേശിൽ രണ്ട്, ഛത്തീസ്ഗഡ്, ഗുജറാത്ത്, കേരളം, മേഘാലയ ഒന്നുവീതം എന്നിങ്ങനെയായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്

ന്യൂഡൽഹി: വാശിയേറിയ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎയും ഇൻഡ്യാ മുന്നണിയും മുഖാമുഖം വരുന്ന 31 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളാണ് രാജ്യത്തെ 10 സ്ഥാനങ്ങളിലായി ഇന്ന് നടന്നത്. രാജസ്ഥാനിൽ ഏഴ്, പശ്ചിമബംഗാളിൽ ആറ്, അസമിൽ അഞ്ച്, ബിഹാറിൽ നാല്, കർണാടകയിൽ മൂന്ന്, മധ്യപ്രദേശിൽ രണ്ട്, ഛത്തീസ്ഗഡ്, ഗുജറാത്ത്, കേരളം, മേഘാലയ ഒന്നുവീതം എന്നിങ്ങനെയായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. നവംബർ 20ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം പഞ്ചാബ്, കേരളം, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 14 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടക്കും. സിക്കിമിലെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച രണ്ട് സീറ്റുകളിൽ എതിരില്ലാതെ ജയിച്ചിരുന്നു. ബാക്കി സീറ്റുകളിലെ ഫലപ്രഖ്യാപനം നവംബർ 23നാണ്.

ജുൻജുനു, ദൗസ, ദിയോള-ഉനിയാറ, കിൻവ്സാർ, ചൗരാസി, സാലുംബാർ, രാംഘർ എന്നിവിടങ്ങളിലാണ് രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ നാല് സീറ്റുകൾ കോൺഗ്രസിൻ്റെയും ഓരോന്ന് വീതം ബിജെപി, ബിഎപി, ആർഎൽപി എന്നിവരുടെ സിറ്റിങ്ങ് സീറ്റുകളാണ്. ഇതിൽ ദൗസയിൽ കോൺഗ്രസിൻ്റെ ദീൻ ദയാലിനെ നേരിടുന്നത് രാജസ്ഥാനിലെ കാബിനറ്റ് മന്ത്രി കിരോഡി ലാൽ മീണയുടെ സഹോദരൻ ജഗ്മോഹൻ മീണയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയിൽ നിന്നും ബിജെപിക്ക് കരകയറാൻ കഴിയുമോ എന്നാണ് രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Also Read:

Kerala
'മാപ്പ് പറയണം'; ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി

പശ്ചിമബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റുകളിൽ അഞ്ചും തൃണമൂൽ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റുകളാണ്. താൽഡങ്ര, സിതായ്, നയിഹാത്തി, ഹരോര, മേദിനിപ്പൂർ, മദ്രിഹാത്ത് എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. ഇതിൽ മദ്രിഹാത്ത് ബിജെപിയുടെ സിറ്റിങ് സീറ്റ്. ഉപതിരഞ്ഞെടുപ്പുകളിൽ ചതുഷ്കോൺ മത്സരമാണ് ബംഗാളിൽ നടക്കുന്നത്. തൃണമൂൽ കോൺഗ്രസ്, ബിജെപി, കോൺഗ്രസ്, ഇടതുപക്ഷം എന്നിവർ നേരിട്ട് ഏറ്റുമുട്ടുന്ന ബംഗാളിൽ ബിജെപി ആറ് സീറ്റുകളിലും മത്സരിക്കുന്നുണ്ട്. ഇടതുപക്ഷം അഞ്ച് സീറ്റുകളിലാണ് മത്സരിക്കുന്നത്.

അസമിൽ ഡോലായി, ബെഹാലി, സമാഗുരി, ബോംഗൈഗാവ്, സിഡ്ലി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുപക്ഷത്തെ മത്സരിപ്പിക്കാനുള്ള ഇൻഡ്യ മുന്നണി തീരുമാനത്തോട് വിയോജിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്ന ബെഹാലിയാണ് അസമിലെ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലം. ബിഹാറിൽ രാംഘർ, തരാരി, ഇമാംഗഞ്ച്, ബെലാഗഞ്ച് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രണ്ട് സീറ്റുകൾ ആർജെഡിയുടെ സിറ്റിങ് സീറ്റുകളാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകൾ ആർജെഡിയും കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടുന്ന മഹാഗഡ്ബന്ധൻ്റെ ശക്തികേന്ദ്രങ്ങളാണ്.

Also Read:

International
'ടോക്സിക് മാധ്യമ പ്ലാറ്റ്‌ഫോം, സഹിക്കാൻ വയ്യ'; എക്സ് പ്ലാറ്റ്‌ഫോം ഇനി ഉപയോഗിക്കില്ലെന്ന് ദി ​ഗാർഡിയൻ

കർണാടകയിൽ മൂന്നിടത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ കുമാരസ്വാമി രാജിവെച്ച ചന്നപട്ടണയിൽ മകൻ നിഖിൽ കുമാരസ്വാമിയാണ് ജെഡിഎസിന് വേണ്ടി മത്സരിക്കുന്നത്. ജെഡിയുവിനെ സംബന്ധിച്ച് നിർണായകമാണ് ചന്നപട്ടണയിലെ മത്സരം. മധ്യപ്രദേശിൽ ബുദ്ധനി, വിജയ്പുർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്ങ് ചൗഹാൻ്റെ ശക്തികേന്ദ്രമായ ബുദ്ധനിയിലെ മത്സരം ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്.

Content Highlights: Assembly bypolls: Voting held in 31 seats across 10 states in big INDIA vs BJP contest

To advertise here,contact us