'ആദ്യം മദ്യം നിരോധിക്കൂ'; തെലങ്കാന സര്‍ക്കാരിന്റെ നോട്ടീസിനെ പരിഹസിച്ച് ഗായകന്‍ ദില്‍ജിത്ത്

താന്‍ പരിപാടി അവതരിപ്പിക്കുന്ന ദിവസമെങ്കിലും സംസ്ഥാനങ്ങള്‍ ഡ്രൈ ഡേ പ്രഖ്യാപിക്കുകയാണെങ്കില്‍ മദ്യത്തെക്കുറിച്ച് പാടാതിരിക്കാമെന്നും ദില്‍ജിത്ത്

ഹൈദരാബാദ്: മദ്യം പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ ആലപിക്കരുതെന്ന തെലങ്കാന സര്‍ക്കാരിന്റെ നോട്ടീസിനെ പരിഹസിച്ച് പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദോസഞ്ജ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മദ്യം നിരോധിക്കൂ, അങ്ങനെയെങ്കില്‍ താന്‍ മദ്യത്തെക്കുറിച്ച് പാടില്ലെന്നായിരുന്നു നോട്ടീസിന് ദില്‍ജിത്ത് നല്‍കിയ മറുപടി. മദ്യ കരാര്‍ നല്‍കുന്നത് അവസാനിപ്പിക്കാനും സര്‍ക്കാരുകളെ ദില്‍ജിത്ത് വെല്ലുവിളിച്ചു.

താന്‍ പരിപാടി അവതരിപ്പിക്കുന്ന ദിവസമെങ്കിലും സംസ്ഥാനങ്ങള്‍ ഡ്രൈ ഡേ പ്രഖ്യാപിക്കുകയാണെങ്കില്‍ മദ്യത്തെക്കുറിച്ച് പാടാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ദില്‍ജിത്തിന്റെ പ്രതികരണം. താന്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

'മദ്യത്തെക്കുറിച്ച് ആയിരക്കണക്കിന് പാട്ടുകള്‍ ബോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. മദ്യത്തെക്കുറിച്ച് വളരെ കുറച്ച് പാട്ടേ ഞാന്‍ പാടിയിട്ടുള്ളു. ഞാന്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കാറില്ല. ബോളിവുഡിലെ ആര്‍ട്ടിസ്റ്റുകള്‍ മദ്യത്തെക്കുറിച്ചുള്ള പരസ്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഞാന്‍ അത് ചെയ്യില്ല', ദില്‍ജിത്ത് പറഞ്ഞു.

Also Read:

National
കുഞ്ഞിനെ 4 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച് പിതാവ്; നടപടിയുമായി പൊലീസ്

മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന കലാകാരന്മാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് പാടാനുള്ള അനുമതിയുണ്ടെന്നും പക്ഷേ രാജ്യത്തുള്ള കലാകാരന്മാര്‍ പാടുമ്പോള്‍ വലിയ പ്രശ്‌നമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവം തന്റെ കൂടെയുണ്ടെന്നും ദില്‍ജിത്ത് പറഞ്ഞു. താന്‍ ഒറ്റ ദിവസം കൊണ്ട് പ്രശസ്തനായതല്ലെന്നും ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച നടന്ന ദില്‍-ലുമിനാറ്റി കച്ചേരിയ്ക്ക് മുന്നോടിയായിട്ടാണ് ദില്‍ജിത്തിന് തെലങ്കാന സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ പാടരുത് എന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ചണ്ഡീഗഡ് നിവാസി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഒരു സംഗീത പരിപാടിയില്‍ താരം ആലപിച്ച ചില ഗാനങ്ങളുടെ വീഡിയോ തെളിവായി സമര്‍പ്പിച്ചായിരുന്നു പരാതി. ഡല്‍ഹിയില്‍ ഒക്ടോബര്‍ 26നും 27നും നടന്ന പരിപാടിയില്‍ ഗായകന്‍ ലഹരിയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ ആലപിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

Also Read:

National
ജോലിയുമായി ബന്ധപ്പെട്ട പരസ്യത്തിൽ വിവാഹത്തെക്കുറിച്ച് ചോദ്യം വേണ്ട; പുതിയ മാനദണ്ഡവുമായി ഫോക്സ്കോൺ

സംഗീത പരിപാടിക്കിടെ കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുതെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഹാനികരമായേക്കാവുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങളുടെയും ലൈറ്റുകളുടെയും അപകടസാധ്യത കണക്കിലെടുത്തായിരുന്നു നടപടി. മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളും നോട്ടീസില്‍ പരാമര്‍ശിക്കുന്നു.

Content Highlights: Singer Diljith against Telangana Government notice

To advertise here,contact us