മണിപ്പൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ഇന്ന്, സ്ഥിതിഗതികള്‍ വിലയിരുത്തും

കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണം സിബിഐക്ക് വിടുന്ന കാര്യത്തിലും തീരുമാനമുണ്ടാകും

ഇംഫാല്‍: മണിപ്പൂരില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കെ ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. നിലവിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തും. മണിപ്പൂരില്‍ അധികമായി ഏര്‍പ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണം സിബിഐക്ക് വിടുന്ന കാര്യത്തിലും തീരുമാനമുണ്ടാകും.

കഴിഞ്ഞ ആഴ്ച മുതലാണ് മണിപ്പൂരില്‍ അന്തരീക്ഷം വീണ്ടും വഷളായത്. ജിരിബാമില്‍ നിന്ന് കാണാതായ ആറ് മെയ്‌തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രതിഷേധക്കാര്‍ രാഷ്ട്രീയ നേതാക്കളുടെ വസതികള്‍ ആക്രമിച്ചിരുന്നു. ഇതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് സമാധാന പുനഃസ്ഥാപനത്തിന് ജനങ്ങള്‍ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്ക് തയ്യാറാണെന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അറിയിച്ചത്. സംസ്ഥാനത്തെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ രാജിവെക്കേണ്ടത് മുഖ്യമന്ത്രി ബിരേന്‍ സിങാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചത്. മണിപ്പൂരില്‍ ആര് ഭരിച്ചാലും നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതികരിച്ചിരുന്നു.

ഇതിനിടെ മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ എന്‍പിപി പിന്‍വലിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ് കോണ്‍റാഡ് സാഗ്മ നയിക്കുന്ന എന്‍പിപി പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങും സര്‍ക്കാരും പരാജയപ്പെട്ടെന്ന് കത്തില്‍ ആരോപിച്ചിരുന്നു.

60 അംഗ നിയമസഭയില്‍ ഏഴ് സീറ്റുകളാണ് എന്‍പിപിക്കുള്ളത്. എന്‍പിപി പിന്തുണ പിന്‍വലിച്ചത് ബിജെപി സര്‍ക്കാരിന് ഭീഷണിയല്ല. ബിജെപിക്ക് 37 എംഎല്‍എമാരാണുള്ളത്. 31 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. അഞ്ച് എംഎല്‍എമാരുള്ള എന്‍പിഎഫ്, ഒരു ജെഡിയു എംഎല്‍എ, മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരും ബിജെപിയെയാണ് പിന്തുണക്കുന്നത്.

Also Read:

National
മണിപ്പൂര്‍ കലാപം; സമാധാന പുനഃസ്ഥാപനത്തിന് രാജിക്ക് തയ്യാറെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍

Content Highlights: Union home minister Amit Shah chairs high-level meeting on Manipur as crisis intensifies

To advertise here,contact us