സ്വന്തം ഇരട്ടക്കുഞ്ഞുങ്ങൾ വെന്തുമരിച്ചു; ഝാൻസിയിലെ ഏഴ് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി യാക്കൂബ് മൻസൂരി

തന്റെ കുഞ്ഞുങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സ്ഥലത്ത് തീപടര്‍ന്നുപിടിച്ചതിനാല്‍ യാക്കൂബിന് അവിടേയ്ക്ക് എത്താന്‍ കഴിഞ്ഞില്ല

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപടര്‍ന്നുപിടിച്ചപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് രക്ഷകനായി എത്തിയവരില്‍ ലഖ്‌നൗ സ്വദേശിയായ യാക്കൂബ് മന്‍സൂരിയും ഉണ്ടായിരുന്നു. യാക്കൂബിന്റെ അവസരോചിതമായ ഇടപെടലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ (എന്‍ ഐ സി യു) ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് കുഞ്ഞുങ്ങളുടെ ജീവനാണ് തിരിച്ചുകിട്ടിയത്. എന്നാല്‍ അപകടത്തില്‍ യാക്കൂബിന്റെ ഇരട്ടപ്പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. സ്വന്തം കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ നൊമ്പരപ്പെടുമ്പോഴും ആശുപത്രി അധികൃതരുടെ അലംഭാവത്തിലും അശ്രദ്ധയിലും ജീവന്‍ നഷ്ടപ്പെട്ട പതിനൊന്ന് കുഞ്ഞുങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാണ് യാക്കൂബ് മന്‍സൂരി പറയുന്നത്.

Also Read:

National
ഝാന്‍സി മെഡിക്കല്‍ കോളേജ് തീപിടിത്തം; പരിക്കേറ്റ രണ്ട് കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരം

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു ഝാന്‍സി മെഡിക്കല്‍ കോളേജില്‍ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ തീ പടര്‍ന്നുപിടിച്ചത്. യാക്കൂബ് മന്‍സൂരിയുടെ ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളും ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഈ സമയം ആശുപത്രിയുടെ ഇടനാഴിയില്‍ കിടന്നുറങ്ങുകയായിരുന്നു യാക്കൂബ്. കുഞ്ഞുങ്ങളുടെ തീവ്രപരിചരണ വിഭഗത്തിന് സമീപത്തുനിന്ന് നിലവിളി ഉയരുന്നത് കേട്ടാണ് യാക്കൂബ് ഉണര്‍ന്നത്. നോക്കുമ്പോള്‍ തീപടര്‍ന്നുപിടിക്കുന്നു. ആലോചിച്ച് നില്‍ക്കാന്‍ സമയമില്ലെന്ന് മനസിലാക്കിയ യാക്കൂബ് എന്‍ഐസിയുവിന്റെ ജനല്‍ചില്ല് തകര്‍ത്ത് അകത്തുകയറി. തന്റെ കുഞ്ഞുങ്ങള്‍ ചികിത്സയില്‍ കഴിയുന്ന സ്ഥലത്ത് തീപടര്‍ന്നുപിടിച്ചതിനാല്‍ യാക്കൂബിന് അവിടേയ്ക്ക് എത്താന്‍ കഴിഞ്ഞില്ല. തീപടരുന്നതിന് മുന്‍പ് ഏഴോളം കുഞ്ഞുങ്ങളെ യാക്കൂബ് പുറത്തെത്തിച്ചു. ഈ കുഞ്ഞുങ്ങള്‍ നിലവില്‍ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ ആശുപത്രിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പതിനെട്ട് കുഞ്ഞുങ്ങള്‍ക്ക് സൗകര്യമുണ്ടായിരുന്ന തീവ്രപരിചരണ വിഭാഗത്തില്‍ 49 കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ചിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ആശുപത്രിയിലെ അഗ്നിരക്ഷാ സംവിധാനങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പേ കാലഹരണപ്പെട്ടിരുന്നുതായും വിമര്‍ശനം ഉയര്‍ന്നു. അപകടം നടക്കുമ്പോള്‍ കുഞ്ഞുങ്ങളുടെ എന്‍ഐസിയുവില്‍ മതിയായ നഴ്‌സുമാരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ത്രിതല അന്വേഷണമാണ് നടക്കുന്നത്. ഇതിന് ശേഷം മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളൂ.

Content Highlights- yakub mansoori save seven child in jhansi medical college but lost his own twin child

To advertise here,contact us