യുപിയിൽ സ്ത്രീ വോട്ടർമാർക്ക് നേരെ തോക്ക് ചൂണ്ടി പൊലീസ്; വിമർശിച്ച് അഖിലേഷ്; വിശദീകരിച്ച് ജില്ലാ മജിസ്‌ട്രേറ്റ്

ഉദ്യോഗസ്ഥന്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടുരേഖപ്പെടുത്തുന്നത് തടയുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീ വോട്ടര്‍മാര്‍ക്ക് നേരെ തോക്ക് ചൂണ്ടി പൊലീസ്. ഉത്തര്‍പ്രദേശിലെ ഒന്‍പത് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സംഭവം. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയത്. സ്ത്രീ വോട്ടര്‍മാരെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

Also Read:

National
മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് മേല്‍ക്കെ പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍

മുസാഫര്‍നഗറിലെ കക്രൗലിയിലാണ് സംഭവം നടന്നത്. മീരാപുര്‍ കക്രൗലി പൊലീസ് സ്റ്റേഷന്‍ എസ്എച്ചഒ രാജീവ് ശര്‍മയാണ് സ്ത്രീ വോട്ടര്‍മാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയത്. 'നിങ്ങള്‍ക്ക് വെടിവെയ്ക്കാന്‍ ഉത്തരവില്ല' എന്ന് ഒരു സ്ത്രീ പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നുണ്ട്. ഇത് ശരിയായ നടപടിയല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ തന്റെ കൈവശം വെടിവെയ്ക്കാന്‍ ഉത്തരവുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഉദ്യോഗസ്ഥന്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ടുരേഖപ്പെടുത്തുന്നത് തടയുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ഉദ്യോഗസ്ഥനെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ മജിസ്‌ട്രേറ്റ് ഉമേഷ് മിശ്ര രംഗത്തെത്തി. കക്രൗലിയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും ഇവരില്‍ ചിലര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നുമാണ് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരിച്ചു.

Content Highlights- SP leader akhilesh yadav shares clip of up cop, revolver in hand

To advertise here,contact us