ഉത്തർപ്രദേശിൽ ജുമാമസ്ജിദ് സർവേയ്ക്കിടെ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു, പൊലീസ് വെടിവെച്ചതെന്ന് പ്രദേശവാസികൾ

സംഘര്‍ഷത്തിനിടെ നയീം, ബിലാല്‍, നിമാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി ഡിവിഷണല്‍ കമ്മീഷണര്‍ പറഞ്ഞു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഷാഹി ജുമാമസ്ജിദ് സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോടതി ഉത്തരവിനെ തുടര്‍ന്ന് ജുമാമസ്ജിദില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്.

സംഘര്‍ഷത്തിനിടെ നയീം, ബിലാല്‍, നിമാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി ഡിവിഷണല്‍ കമ്മീഷണര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഇരുപത്തിരണ്ടോളം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പതിനഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തതായും ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു. അതേസമയം പൊലീസ് വെടിവെയ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു

ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഡി എം രാജേന്ദ്ര പാന്‍സിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സര്‍വേയ്ക്ക് എത്തിയത്. എസ് പി കൃഷ്ണ ബിഷ്‌ണോയ്, എസ് ഡി എം വന്ദന മിശ്ര, സി ഐ അനുജ് ചൗധരി തുടങ്ങിയ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തുന്നതറിഞ്ഞ് ആളുകള്‍ ഷാഹി ജുമാ മസ്ജിദിന് സമീപം എത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശിയെന്നും കണ്ണീര്‍ വാതകം പ്രയോഗിച്ചു എന്നും പൊലീസ് പറയുന്നു.

മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച മസ്ജിദില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നല്‍കിയത്. ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്‍കിയ അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സംഭാല്‍ മസ്ജിദിലും സര്‍വേ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി പരിഗണിച്ച കോടതി കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഏഴ് ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

Content Highlights- 3 dead in clashes over survey of mosque in UP's Sambhal

To advertise here,contact us