സ്‌ക്രാച്ച് ജീൻസ് സുഹൃത്തുക്കൾ തുന്നിക്കെട്ടി; വീഡിയോ വൈറലായി; മനംനൊന്ത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ഒരാള്‍ ഷാഹിലിന്റെ കൈകള്‍ പിറകില്‍ നിന്ന് പിടിച്ചുവെച്ചു. മറ്റെരാള്‍ ജീന്‍സിന്റെ കീറിയ ഭാഗങ്ങള്‍ തുന്നിക്കെട്ടുകയായിരുന്നു

മംഗളൂരു: സുഹൃത്തുക്കളുടെ അതിരുവിട്ട കളിയാക്കലില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മംഗളൂരുവിലാണ് സംഭവം. ബെല്‍ത്തങ്ങടി പനകജെ സ്വദേശിയായ ഷാഹില്‍ (21) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്‌ക്രാച്ച് ജീന്‍സിട്ട് പുറത്തിറങ്ങിയ ഷാഹിലിനെ സുഹൃത്തുക്കള്‍ പിടിച്ചു നിര്‍ത്തി ജീന്‍സിന്റെ സ്‌ക്രാച്ച് ഭാഗങ്ങള്‍ തുന്നിക്കെട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് ഷാഹില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

Also Read:

National
ഉത്തർപ്രദേശിൽ ജുമാമസ്ജിദ് സർവേയ്ക്കിടെ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു, പൊലീസ് വെടിവെച്ചതെന്ന് പ്രദേശവാസികൾ

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സ്‌ക്രാച്ച് ജീന്‍സ് ധരിച്ച് നഗരത്തിലേക്ക് ഇറങ്ങിയതായിരുന്നു ഷാഹില്‍. ഇതിനിടെ സുഹൃത്തുക്കള്‍ ഷാഹിലിനെ ബലമായി പിടിച്ചു നിര്‍ത്തി ജീന്‍സിന്റെ സ്‌ക്രാച്ച് ഭാഗങ്ങള്‍ തുന്നിക്കെട്ടി. ഒരാള്‍ ഷാഹിലിന്റെ കൈകള്‍ പിറകില്‍ നിന്ന് പിടിച്ചുവെച്ചു. മറ്റൊരാള്‍ ചാക്ക് തുന്നുന്ന സൂചിയും നൂലും ഉപയോഗിച്ച് ജീന്‍സിന്റെ കീറിയ ഭാഗങ്ങള്‍ തുന്നിക്കെട്ടുകയായിരുന്നു. മറ്റ് സുഹൃത്തള്‍ ഇതിന്റെ വീഡിയോ പകര്‍ത്തി വിവരണത്തോട് കൂടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇത് ഷാഹിലിനെ മാനസികമായി തകര്‍ത്തു. വീട്ടില്‍വെച്ച് ഷാഹില്‍ വിഷം കഴിക്കുകയായിരുന്നു.

വീട്ടുകാര്‍ നോക്കുമ്പോള്‍ അവശനിലയില്‍ ഷാഹിലിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരാണ് ഷാഹില്‍ വിഷം കഴിച്ചതാണെന്ന് വീട്ടുകാരെ അറിയിച്ചത്. ഷാഹിലിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ബെല്‍ത്തങ്ങടി പൊലീസ് സുഹൃത്തുക്കളായ ഷബീര്‍, അനീഷ്, സലീം എന്നിവര്‍ക്കെതിരെ കേസെടുത്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- Youth attempts suicide after video of friends stitching his scratch jeans goes viral

To advertise here,contact us