രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ഹര്‍ജി; വിദേശമന്ത്രാലയം തീരുമാനിക്കണമന്ന് നിര്‍ദേശിച്ച് അലഹബാദ് ഹൈക്കോടതി

വിഷയം പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

അലഹബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ഹര്‍ജിയില്‍ വിശദമായ പരിശോധനയ്ക്ക് നിര്‍ദേശിച്ച് അലഹബാദ് ഹൈക്കോടതി. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിഷയം പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഡിസംബര്‍ 19 ന് ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.

അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഇന്നലെയാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് ബി പാണ്ഡെയ്ക്ക് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. വിഷയത്തില്‍ വിദേശമന്ത്രാലയം തീരുമാനമെടുത്ത് ഹര്‍ജി പരിഗണിക്കുന്ന ഡിസംബര്‍ 19 ന് നിലപാട് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Also Read:

Kerala
പത്തനംതിട്ടയിൽ പനി ബാധിച്ച് 17കാരി മരിച്ചതിൽ ദുരൂഹത; പെൺകുട്ടി 5 മാസം ഗർഭിണിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകന്‍ വിഘ്‌നേഷ് ശിശിര്‍ ആണ് അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വിഷയം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുബ്രമണ്യന്‍ സ്വാമി 2015 ല്‍ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ സുബ്രമണ്യന്‍ സ്വാമിയുടെ ആരോപണം അന്ന് രാഹുല് ഗാന്ധി തള്ളി. തന്റെ പേര് അപകീര്‍ത്തിപ്പെടുത്താന്‍ സുബ്രമണ്യന്‍ സ്വാമി ശ്രമിക്കുന്നു എന്നായിരുന്നു എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പാകെ രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി. തെളിവുണ്ടെങ്കില്‍ രേഖകള്‍ സഹിതം ആരോപണം തെളിയിക്കണമെന്നും രാഹുല്‍, സുബ്രമണ്യന്‍ സ്വാമിയെ വെല്ലുവിളിച്ചിരുന്നു.

ഇതിന് പിന്നാലെ 2019 ലെ തിരഞ്ഞെടുപ്പ് കാലത്ത് ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് ശേഷവും രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ച് പല ആരോപണങ്ങളും ഉയര്‍ന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമായ മറുപടി നൽകിയിട്ടില്ല.

Content Highlights- Allahabad hc seeks centres response on rahul gandhi citizenship plea

To advertise here,contact us