ആരവ് സിഗരറ്റുകള്‍ വലിച്ചുകൂട്ടി, നൈലോണ്‍ നൂല് വാങ്ങി; അസം യുവതിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊലപാതകത്തിന് ശേഷം യുവാവ് മൃതദേഹത്തിനൊപ്പം മുറിയില്‍ രണ്ടുദിവസം ചെലവഴിച്ചിരുന്നു

ബെംഗളൂരു: ബംഗളൂരുവില്‍ അസം യുവതിയുടെ കൊലപാതകത്തില്‍ പ്രതിയായ ആരവ് അറസ്റ്റിലായതിന് പിന്നാലെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡേറ്റിങ് ആപ്പ് വഴിയാണ് ആരവ് യുവതിയെ പരിചയപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരണയായത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത കത്തിയും നൈലോണ്‍ നൂലും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

കൊല്ലപ്പെട്ട മായ ഗൊഗോയ് ജയനഗറിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഇതിനുപുറമേ വ്‌ളോഗര്‍ കൂടിയാണ് യുവതി. സാമൂഹികമാധ്യമങ്ങളില്‍ മായ ഗൊഗോയ്ക്ക് ഒട്ടേറെ ഫോളോവേഴ്‌സുണ്ട്. സഹോദരിക്കൊപ്പമാണ് മായ ബെംഗളൂരുവില്‍ താമസിച്ചിരുന്നത്. മായയും ആരവും തമ്മില്‍ ആറുമാസത്തോളമായി സൗഹൃദത്തിലായിരുന്നുവെന്ന് യുവതിയുടെ സഹോദരി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രണയത്തില്‍ നിന്ന് യുവതി പിന്മാറാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. യുവതിയെ ആരവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം യുവാവ് മൃതദേഹത്തിനൊപ്പം മുറിയില്‍ രണ്ടുദിവസം ചെലവഴിച്ചിരുന്നു. മൃതദേഹത്തിന് സമീപത്തിരുന്ന് സിഗരറ്റുകള്‍ വലിച്ചുതള്ളിയതിനും തെളിവ് ലഭിച്ചിട്ടുണ്ട്. വാരാണസിയില്‍ നിന്ന് തിരിച്ചു വരുമ്പോഴാണ് ആരവിനെ പൊലീസ് അറസ്റ്റുചെയ്തത്.

Content Highlight: Shocking information in Assam woman's murder

To advertise here,contact us