കടുവയെ നിരീക്ഷിക്കാൻവെച്ച ക്യാമറയിൽ പതിഞ്ഞത് പെൺകുട്ടിയുടെ നഗ്നദൃശ്യം; പ്രചരിപ്പിച്ച് ഉദ്യോഗസ്ഥൻ; അന്വേഷണം

ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയുടെ ദൃശ്യം ക്യാമറയില്‍ കുടുങ്ങുകയും വനംവകുപ്പിലെ ഉദ്യോഗസ്ഥന്‍ പ്രചരിപ്പിക്കുകയുമായിരുന്നു

ഡെറാഡൂണ്‍: ജിംകോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ കടുവകളെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച ക്യാമറകളും ഡ്രോണ്‍ നിരീക്ഷണവും സ്ത്രീകളുടെ സ്വകാര്യതയെ ലംഘിക്കുന്നതായും ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തല്‍. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ് വനംവകുപ്പ്.

Also Read:

Kerala
എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം: പ്രതി അബ്ദുൾ സനൂഫ് പിടിയില്‍

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ ഡോ. ത്രിശാന്ത് സിംലയ്, ഡോ. ക്രിസ് സാന്‍ഡ്ബ്രൂക് എന്നിവരാണ് പഠനം നടത്തിയത്. കാട്ടില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ഇവര്‍ തയ്യാറാക്കിയ പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ ഓട്ടിസം ബാധിച്ച ഒരു പെണ്‍കുട്ടിയുടെ ദൃശ്യം ക്യാമറയില്‍ കുടുങ്ങുകയും അത് വനംവകുപ്പിലെ ഉദ്യോഗസ്ഥന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വീട്ടില്‍ നിന്ന് നഗ്നയായി ഇറങ്ങി കാടിനുള്ളിലേക്ക് ഓടിപ്പോയ പെണ്‍കുട്ടിയുടെ ദൃശ്യമായിരുന്നു ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യം വനംവകുപ്പ് ഉദ്യോഗസ്ഥന്‍ കൈക്കലാക്കുകയും പ്രചരിപ്പിക്കുകയായിരുന്നു. താത്ക്കാലിക വനംവകുപ്പ് ഉദ്യോഗസ്ഥനായി നിയമിതനായ യുവ ഓഫീസറാണ് ദൃശ്യം പ്രചരിപ്പിച്ചതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പതിനാല് മാസമാണ് ഡോ. ത്രീശാന്ത് സിംലായ് ഗവേഷണത്തിനായി ജിംകോര്‍ബെറ്റില്‍ ചെലവഴിച്ചത്. 270 ഓളം പ്രദേശവാസികളെ കാണുകയും വിശദമായി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ത്രീകളെ മനഃപൂര്‍വം പേടിപ്പിക്കാനായി ഡ്രോണ്‍ ക്യാമറകള്‍ അവര്‍ക്ക് നേരെ പറത്തിവിടുന്നതായും പ്രദേശവാസികള്‍ വെളിപ്പെടുത്തി. പ്രകൃതി വിഭങ്ങള്‍ ശേഖരിക്കുന്നതിന് പോലും ഇത്തരം ക്യാമറകള്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. കാട്ടിനുള്ളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദ്യപിച്ചെത്തി സ്ഥിരമായി മര്‍ദിക്കുന്ന ഭര്‍ത്താവിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് തെളിവ് സമാഹരിച്ച് പൊലീസില്‍ പരാതി നല്‍കിയ യുവതിയുടെ അനുഭവവും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേംബ്രിഡ്ജിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ തന്നെ വിഷയം അറിയുന്നത്. ഇതോടെ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Content Highlights- Surveillance tech at Corbett park misused to intimidate women,

To advertise here,contact us