അവസാന നിമിഷത്തെ ഷിന്‍ഡെയുടെ നീക്കം; പകച്ച് ബിജെപി, ഒപ്പം അജിത് പവാറും

മുഖ്യമന്ത്രി സ്ഥാനം വഹിച്ച താന്‍ ഉപമുഖ്യമന്ത്രിയാവാനില്ലെന്ന നിലപാടാണ് നേരത്തെ ഷിന്‍ഡെ സ്വീകരിച്ചിരുന്നത്.

മുംബൈ: മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണത്തില്‍ ട്വിസ്റ്റ്. മന്ത്രിസഭാ രൂപീകരണത്തിനായി ചേരാനിരുന്ന മഹായുതി സഖ്യത്തിന്റെ യോഗം റദ്ദാക്കി. കാവല്‍ മുഖ്യമന്ത്രിയും ശിവസേന ഷിന്‍ഡെ പക്ഷ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി തന്റെ ഗ്രാമത്തിലേക്ക് പോയതോടെയാണ് ഇന്നത്തെ യോഗം മാറ്റിവക്കേണ്ടി വന്നത്.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അന്തിമരൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ചര്‍ച്ച പൂര്‍ത്തിയാക്കി മുംബൈയില്‍ എത്തിയ നേതാക്കള്‍ മറ്റ് ചര്‍ച്ചകള്‍ സംസ്ഥാനത്ത് തന്നെ നടത്താനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇന്നത്തെ ഷിന്‍ഡെയുടെ നീക്കം മഹായുതി സഖ്യ നേതാക്കളെ ഞെട്ടിച്ചു. എന്താണ് ഷിന്‍ഡെ മനസില്‍ കാണുന്നതെന്ന് ഇത് വരെ വ്യക്തമല്ല. രണ്ട് ഉപമുഖ്യമന്ത്രി എന്ന ഫോര്‍മുല ഇത്തവണയും തുടരാനാണ് ഡല്‍ഹിയിലുണ്ടായ ധാരണ. ആഭ്യന്തര വകുപ്പ് ബിജെപിക്കും അജിത് പവാറിന്റെ എന്‍സിപിക്ക് ധനകാര്യം നിലനിര്‍ത്താനും ധാരണയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം വഹിച്ച താന്‍ ഉപമുഖ്യമന്ത്രിയാവാനില്ലെന്ന നിലപാടാണ് നേരത്തെ ഷിന്‍ഡെ സ്വീകരിച്ചിരുന്നത്.

Content Highlights: Twist in Cabinet formation in Maharashtra

To advertise here,contact us